സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എല്ലാ സീറ്റിലും സര്‍ക്കാര്‍ പ്രവേശനം നടത്തും : ആരോഗ്യമന്ത്രി കെ കെ ഷൈലജ

260

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എല്ലാ സീറ്റിലും സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. മാനേജ്‌മെന്റുകള്‍ തയാറാണെങ്കില്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റ് അസോസിയേഷന്‍ നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പ്രവേശനമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം പിന്തുടര്‍ന്നാണ് ഉത്തരവിലൂടെ സര്‍ക്കാര്‍ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്തത്. ചര്‍ച്ചകളില്‍ സഹകരിക്കാതിരുന്നത് മാനേജ്‌മെന്റുകളാണ്. ഇവര്‍ തയാറായാല്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാണ്. ഫീസ് വര്‍ധനയെന്ന ആവശ്യവും അനുഭാവപൂര്‍വം പരിഗണിക്കാം. എന്നാല്‍ സീറ്റ് ഏറ്റെടുത്ത നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഫീസ് ഏകീകരണമടക്കം പരിഗണിക്കാനും പ്രവേശന കാര്യങ്ങള്‍ തീരുമാനിക്കാനും നാളെ ജയിംസ് കമ്മറ്റി യോഗവും ചേരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നയം അംഗീകരിക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍.
ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ചൊവ്വാഴ്‌ച കോടതിയെ സമീപിക്കും. ഇരുവിഭാഗവും നിലപാടിലുറച്ച് നിയമ പോരാട്ടം തുടങ്ങിയാല്‍ പ്രതിസന്ധിയിലാകുക പ്രവേശന നടപടികളാകും.

NO COMMENTS

LEAVE A REPLY