സൗഹൃദത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും സന്ദേശം നല്‍കി പാചകമത്സരത്തിന് തുടക്കമായി

855

meet-the-chef-1
കൊച്ചി: ഭക്ഷണത്തിന് രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ബാധകമല്ലെന്നു തെളിയിച്ചുകൊണ്ട് ഗതകാലത്തെ രുചിഭേദങ്ങള്‍ കണ്ടെത്താനുള്ള രാജ്യാന്തര പാചക മത്സരത്തിന് കൊച്ചിയില്‍ തുടക്കമായി. പ്രാചീനമായ സുഗന്ധവ്യഞ്ജന പാതയിലെ 15 രാഷ്ട്രങ്ങളില്‍നിന്നുള്ള പാചകവിദഗ്ധര്‍ പങ്കെടുക്കുന്ന പാചകോത്സവമാണ് ഇന്നലെ കേരള ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ ബോള്‍ഗാട്ടി പാലസില്‍ ആരംഭിച്ചത്. ഭക്ഷണമാണ് സാംസ്‌കാരിക വിനിമയത്തിന് ഏറ്റവും അനുയോജ്യമായ സമ്പ്രദായമെന്ന് വിശേഷിപ്പിച്ച യുനെസ്‌കോ സാംസ്‌കാരിക വിഭാഗം മേധാവി മോ ചിബ, സുഗന്ധ വ്യഞ്ജന പാതയിലെ സുപ്രധാനമായ കണ്ണിയായിരുന്ന കേരളം ആ സ്ഥാനം വീണ്ടെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു. ഓരോരുത്തരും മറ്റുള്ളവരുടെ ഭക്ഷണരീതികള്‍ സ്വീകരിക്കുന്നതിലൂടെ സൗഹൃദമാണ് വിളംബരം ചെയ്യുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
യുനെസ്‌കോ, കേന്ദ്ര ടൂറിസം മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ കേരള ടൂറിസം സംഘടിപ്പിക്കുന്ന ഈ പാചകമത്സരം ഓരോ രാജ്യത്തെയും ഭക്ഷണരീതികളും വാണിജ്യവും സംസ്‌കാരവും പരിചയപ്പെടുത്താനും രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം വളര്‍ത്താനും ലക്ഷ്യമിട്ടുള്ള ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണ്.

മത്സരത്തില്‍ പങ്കെടുക്കുന്ന പ്രശസ്തരായ ഷെഫുമാരുടെ ചര്‍ച്ചയോടെയാണ് പാചകോത്സവത്തിന് തുടക്കമായത്. സസ്യഭക്ഷണരീതികളിലേക്കുള്ള ഇപ്പോഴത്തെ പോക്കും ഉത്തരവാദബോധത്തോടെയുള്ള ആഹാരരീതികളും പരമ്പരാഗത പാചക സമ്പ്രദായങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യവും മാത്രമല്ല പ്രാണികളെയടക്കം ഭക്ഷണമാക്കുന്ന പ്രത്യേകതകളുമെല്ലാം ചര്‍ച്ചയ്ക്ക് വിഷയീഭവിച്ചു. ഈജിപ്ത്, ഇറാന്‍, ലെബനന്‍, ജര്‍മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, തായ്‌ലാന്‍ഡ്, ഒമാന്‍, ടര്‍ക്കി, നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ്, മലേഷ്യ, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഷെഫുമാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

സുഗന്ധ വ്യഞ്ജന പാതയിലെ 31 രാജ്യങ്ങളില്‍ പതിനഞ്ചിന്റെയും പങ്കാളിത്തം ആദ്യ ശ്രമത്തില്‍തന്നെ ലഭിച്ചത് പ്രോത്സാഹന ജനകമാണെന്നും ഭക്ഷണത്തിന് സംസ്‌കാരിക വിനിമയത്തില്‍ ഇത്രത്തോളം പ്രാധാന്യമുണ്ടെന്നു തെളിയിക്കുന്നതാണെന്നും കേരള ടൂറിസം ഡയറക്ടര്‍ ശ്രീ യു.വി.ജോസ് പറഞ്ഞു. ഷെഫുമാര്‍ സംസ്‌കാരത്തിന്റെ പതാകവാഹകരാണെന്നു ഇതിലൂടെ തെളിയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

26ന് തിങ്കളാഴ്ച വരെ നീളുന്ന പാചക മത്സരത്തില്‍ 17 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. പാചകമേളയുടെ രണ്ടാംദിവസമായ 24ന് ശനിയാഴ്ച ഷെഫുമാര്‍ പാചകമത്സരത്തിനുള്ള സാധനങ്ങള്‍ സംഭരിക്കാനായി വരാപ്പുഴയിലെയും എറണാകുളത്തെയും മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കും. എംബസി പ്രതിനിധികള്‍ക്കായി മുസിരിസ് സന്ദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് രാജ്യാന്തര ഷെഫ് മത്സരം ആരംഭിക്കും. നാലുമണിക്ക് യുനെസ്‌കോ, കേന്ദ്ര ടൂറിസം മന്ത്രാലയം, സംസ്ഥാന ടൂറിസം വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരുമായി എംബസി പ്രതിനിധികളുടെ ആശയവിനിമയമാണ്. തിങ്കളാഴ്ച കേരളത്തിലെ ഷെഫുകള്‍ക്കായുള്ള പ്രൊഫഷണല്‍ മത്സരം രാവിലെ ഒന്‍പതരയ്ക്കും അമച്വര്‍ മത്സരം ഉച്ചയ്ക്കുശേഷം രണ്ടിനും നടക്കും. സമാപനസമ്മേളനവും സമ്മാനദാനവും വൈകുന്നേരം ആറരയ്ക്കാണ്. ഞായര്‍.തിങ്കള്‍ ദിവസങ്ങളിലെ മത്സരങ്ങള്‍ പൊതുജനങ്ങള്‍ക്കും വീക്ഷിക്കാന്‍ അവസരമൊരുക്കും.
meet-the-chef-2

NO COMMENTS

LEAVE A REPLY