സ്‌പൈസ് റൂട്ട് പാചകമേള : നാടന്‍ രുചിയുടെ വൈവിധ്യവുമായി കേരള വിഭവങ്ങള്‍

233

കൊച്ചി: കേരള ടൂറിസം സംഘടിപ്പിച്ച സ്‌പൈസ് റൂട്ട് അന്താരാഷ്ട്ര പാചക മത്സരത്തിന്റെ പ്രാദേശികവിഭാഗത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ നല്ല പങ്ക് വീട്ടമ്മമാര്‍. അടുക്കളയില്‍ മാത്രം പാകം ചെയ്ത് ശീലിച്ച സഭാകമ്പമൊന്നും പുറത്തുകാട്ടാതെ തങ്ങളുടെ ഇഷ്ടവിഭവങ്ങള്‍ സൃഷ്ടിച്ചെടുത്ത ഇവര്‍ പ്രൊഫഷണല്‍ ഷെഫുമാരേക്കാളും ഒട്ടും പുറകിലല്ലെന്നു തെളിയിച്ചു.രണ്ട് വിഭാഗങ്ങളിലായാണ് കേരള മത്സരങ്ങള്‍ സംഘടിപ്പിച്ചത്, ഷെഫുമാര്‍ക്കും വീട്ടില്‍ പാകം ചെയ്യുന്നവര്‍ക്കും. കേരളീയവിഭവങ്ങളുടെ ഇറ്റാലിയന്‍ പരീക്ഷണം മുതല്‍ പാലക്കാടിന്റെ തനതുരുചിയായ രാമശ്ശേരി ഇഡ്ഡലി വരെ പാചകമേളയില്‍ നിറഞ്ഞു നിന്നു.കോഴിക്കോട്, കളമശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടത്തിയ പ്രാഥമിക റൗണ്ടിനു ശേഷമാണ് 32 പ്രാദേശിക മത്സരാര്‍ത്ഥികള്‍ പാചകമേളയ്‌ക്കെത്തിയത്. പ്രൊഫഷണല്‍ മത്സരാര്‍ത്ഥികളില്‍ ആകെ ഒരു വനിത മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഗാര്‍ഹിക വിഭാഗത്തിലെ 16 പേരില്‍ പന്ത്രണ്ടും വനിതകളായിരുന്നു. നാല് വിദ്യാര്‍ത്ഥികളും ഇവരോടൊപ്പം മാറ്റുരച്ചു.പ്രൊഫഷണല്‍ വിഭാഗത്തില്‍ മത്സരിച്ച ഏക വനിതയെന്ന നിലയില്‍ അഭിമാനം തോന്നുന്നുവെന്ന് കോഴിക്കോട് നിന്നെത്തിയ ആബിദ റഷീദ് പറഞ്ഞു. ജയമോ, തോല്‍വിയോ അല്ല മറിച്ച് പങ്കെടുക്കലാണ് പ്രധാനമെന്നായിരുന്നു ആബിദയുടെ നിലപാട്. ഒന്നാംസ്ഥാനമെന്നതല്ല ഇവിടത്തെ വിഷയമെന്ന് ഗാര്‍ഹിക വിഭാഗത്തില്‍ മത്സരിച്ച വി.ആരതി പറയുന്നു. കേരളത്തിന്റെ തനതുരുചികള്‍ പൊതുജനങ്ങള്‍ക്കും ടൂറിസ്റ്റുകള്‍ക്കും മുന്നിലെത്തിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ആരതി പറഞ്ഞു. താനുണ്ടാക്കിയ ഞണ്ട് റോസ്റ്റ് ജനത്തിനിഷ്ടമായാല്‍ തന്നെ സമ്മാനം കിട്ടിയ സന്തോഷമാണെന്നും ആരതി കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തിനകത്തുനിന്ന് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര മത്സരത്തോടൊപ്പം പ്രാദേശിക ഇനം കൂടി ഉള്‍പ്പെടുത്തിയതെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ യുവി ജോസ് പറഞ്ഞു. പങ്കെടുക്കലും അറിവ് സമ്പാദിക്കലുമായിരുന്നു കേരള മത്സരിക്കലിന്റെ മുഖമുദ്രയെന്നും അദ്ദേഹം വിലയിരുത്തി.ഇരുവിഭാഗങ്ങളിലും വിജയികളായവര്‍ക്ക് സ്‌പൈസ് റൂട്ട് പാചക മേളയുടെ സമാപന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കി.

NO COMMENTS

LEAVE A REPLY