കെനിയയിൽ തടവിൽ കഴിയുന്ന രണ്ട് ഇന്ത്യക്കാരുടെ മോചനം വൈകുന്നു

195

മലയാളി ഉൾപ്പെടെ കെനിയയിൽ തടവിൽ കഴിയുന്ന രണ്ട് ഇന്ത്യക്കാരുടെ മോചനം വൈകുന്നു. ചരക്കു കപ്പല്‍ ജീവനക്കാരായിരുന്ന കൊല്ലം പത്തനാപുരം സ്വദേശി പ്രവീൺ പ്രഭാകരൻ, മുംബൈ സ്വദേശി വികാസ് ബൽവാൻ സിംഗ് എന്നിവരാണ് മയക്കുമരുന്ന് കേസിൽ കുടുങ്ങി കഴിഞ്ഞ രണ്ടു വർഷമായി മൊമ്പാസയിൽ തടവിൽ കഴിയുന്നത്.
ദില്ലിയിലെ ആൽഫാ മറൈൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ പ്രവീൺ പ്രഭാകരനും ബൽവാൻ സിങ്ങും 2014 ലാണ് ഇറാനിയൻ കപ്പലായ എം.എസ്.വീ ദരിയയിൽ അപ്രന്റീസുകളായി ജോലിക്ക് ചേരുന്നത്. ഇറാനിൽ നിന്നും ഷാർജയിലേക്ക് പോയ ചരക്കു കപ്പൽ യാത്രാമധ്യേ കടൽ കൊള്ളക്കാർ തട്ടിയെടുത്തു കെനിയയിൽ അടുപ്പിക്കുകയായിരുന്നു. കെനിയൻ കോസ്റ്റ് ഗാർഡ് കപ്പൽ പിടിച്ചെടുത്തെങ്കിലും കപ്പലിൽ നിന്ന് വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയതോടെ ഇവരെയും പോലീസ് പിടികൂടി ജയിലിൽ അടക്കുകയായിരുന്നു.
മുംബാസ കോടതി പല തവണ കേസ് വിചാരണക്കെടുത്തെങ്കിലും പല കാരണങ്ങളാൽ നടപടികൾ നീണ്ടുപോവുകയായിരുന്നു.തുടർന്ന് മുൻ മഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരമാണ് ദോഹയിലെ അഭിഭാഷകനായ നിസാർ കോച്ചേരി കേസിൽ ഇടപെട്ടത്. എന്നാൽ ഇവരുടെ നിരപരാധിത്വം തെളിയിക്കാനാവശ്യമായ രേഖകൾക്ക് പല തവണ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ഇദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അടുത്ത മാസം 14 ന് കേസ് വീണ്ടും മുമ്പാസ കോടതിയിലെത്തുമ്പോഴെങ്കിലും ഇവർ അപ്രന്റീസുകളാണെന്നു തെളിയിക്കുന്ന ഇന്ത്യയിൽ നിന്നുള്ള സാക്ഷ്യപത്രം കോടതിയിൽ ഹാജരാക്കേണ്ടി വരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെനിയൻ സന്ദർശനത്തിനിടയിലും നിവേദനം നൽകിയെങ്കിലും ഇവരുടെ മോചനത്തിനായി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.വിദേശ ജയിലുകളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാൻ അതാതു എംബസികൾ മുന്കയ്യെടുക്കാറുണ്ടെകിലും ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിയുന്ന ഇവരുടെ കാര്യത്തിൽ കെനിയയിലെ ഇന്ത്യൻ എംബസി ഇടപെടില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY