കഴക്കൂട്ടം – കടമ്പാട്ടുകോണം ദേശീയപാത: സൗത്ത് റീജിയണില്‍ ഭൂമി കൈമാറിയ ആദ്യ ജില്ലയായി തിരുവനന്തപുരം

14

തിരുവനന്തപുരം: കഴക്കൂട്ടം – കടമ്പാട്ടുകോണം ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍ ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ പി.പ്രദീപിന് കൈമാറി. ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും പരാതികള്‍ക്ക് ഇടനല്‍കാതെ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ദേശീയപാതാ വികസനത്തിന് വേണ്ടി സമയബന്ധിത മായി ഭൂമിയേറ്റെടുക്കാന്‍ കഴിഞ്ഞത് അഭിമാന കരമായ നേട്ടമാണെന്ന് കളക്ടര്‍ പറഞ്ഞു.

ഏറ്റെടുത്ത ഭൂമി ദേശീയപാതാ അതോറിറ്റിക്ക് കൈമാറിയ, സൗത്ത് റീജിയണിലെ ആദ്യ ജില്ലയാണ് തിരുവനന്തപുരം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും കളക്ടര്‍ പറഞ്ഞു.

ദേശീയപാതക്ക് ഭൂമിയേറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കത്തില്‍ കോവിഡ് മൂലം കാലതാമസം വന്നെങ്കിലും 2020 അവസാനത്തോടെ നല്ലരീതിയില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞു. എല്ലാ ജീവനക്കാരും ഒരേ മനസോടെ പ്രവര്‍ത്തിച്ചതോടെ എട്ട് മാസത്തിനുള്ളില്‍ തന്നെ ഭൂമിയേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. 69 ഹെക്റ്റര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്.

ഭൂമിയേറ്റെടുക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ കേട്ട് അവയ്ക്ക് പരിഹാരം കാണാനും നഷ്ടപരിഹാരം എത്രയും വേഗം അനുവദിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുവരെ നടന്ന 18 അദാലത്തുകളിലും നഷ്ടപരിഹാരം സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ല. എല്ലാവര്‍ക്കും ന്യായമായ നഷ്ടപരിഹാരം അനുവദിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

പി.ടി.പി നഗറിലെ ഐ.എല്‍.ഡി.എം ഹാളില്‍ നടന്ന ചടങ്ങില്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ സജികുമാര്‍.എസ്.എല്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരായ എന്‍.ബാലസുബ്രമണ്യം, നിസ.എ, ജൂനിയര്‍ സൂപ്രണ്ട് എ.വി.ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

NO COMMENTS