വിഴിഞ്ഞം മുതൽ കണ്ണൂർ അഴീക്കൽ വരെ കയാക്കിംഗ് പര്യടനം – തീരദേശ നവകേരള വികസന യാത്ര ജനുവരിയിൽ

128

തിരുവനന്തപുരം : കേരളത്തിനായി തുഴയാം എന്ന മുദ്രാവാക്യവുമായി വിഴിഞ്ഞം തുറമുഖത്ത് നിന്ന് കണ്ണൂർ അഴീക്കൽ തുറമുഖം വരെ കയാക്കിംഗ് പര്യടനം സംഘടിപ്പിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഒൻപത് തീരദേശ ജില്ലകളെ സമന്വയിപ്പിച്ച് കടലിലൂടെ തീരദേശ നവകേരള വികസനയാത്ര എന്ന പേരിൽ നടത്തുന്ന കയാക്കിംഗ് പര്യടനനത്തിന്റെയും അനുബന്ധ സാംസ്‌കാരിക, മാലിന്യനിർമാർജന പരിപാടി കളുടെയും ഉദ്ഘാടനം ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസിൽ ഇതു സംബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീരദേശം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട മേഖലയാണെന്നും സേനയ്ക്ക് ഒപ്പം ജനങ്ങളും സംരക്ഷണം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു, കടലിനെയും തീരഞ്ഞെയും സംരക്ഷിക്കാൻ അനുബന്ധ സംസ്‌കാരവും മനസ്സിലാക്കണം. മാലിന്യനിർമാർജനത്തിന് നിയമനിർമാണം മാത്രമല്ല, ജനപങ്കാളിത്തം കൂടി ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 590 കിലോമീറ്റർ ദൈർഘ്യമുളള തീരദേശത്തെ ബന്ധിപ്പിക്കുന്ന ഈ സമുദ്രയാത്ര സുരക്ഷിത മാലിന്യ മുക്ത തീരദേശ വികസനം എന്ന ആശയം കൂടി മുൻനിർത്തിയാണ് സംഘടിപ്പിക്കുന്നത്. യാത്രയിൽ 40 ബോട്ടു കളിലായി അതി വിദഗ്ധരായ 60 കയാക്കിംഗ് താരങ്ങളാണ് തുഴയുക. ഇവർക്ക് അകമ്പടിയായി ഇന്ത്യൻ നാവിക സേന, കോസ്റ്റ് ഗാർഡ്, സംസ്ഥാന തീരസംരക്ഷണ സേന, യാനങ്ങളിൽ മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ ഒപ്പം യാത്ര ചെയ്യും.

കരയിലൂടെ പോലീസ് സേന, ആംബുലൻസ് അടക്കമുളള മെഡിക്കൽ സജ്ജീകരണങ്ങളുമായി സഞ്ചരിക്കും. പ്രതിദിനം 55 കിലോമീറ്ററാകും പര്യടന സംഘം പിന്നിടുക. ഹാൾട്ടിംഗ് പോയിന്റുകളിൽ ജില്ലാ ഭരണ സംവിധാനങ്ങളുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകും.

തുറമുഖം, ഫിഷറീസ്, ടൂറിസം, ആരോഗ്യം എന്നീ മേഖലകളെ ഏകോപിപ്പിച്ചുളള തീരദേശത്തിന്റെ സമഗ്ര വികസനം, ജനപങ്കാളിത്തത്തോടെ തീരദേശം മാലിന്യമുക്തമാക്കൽ, തീരദേശ സംരക്ഷണം, എന്നിവയാണ് ഈ പരിപാടിലൂടെ ലക്ഷ്യമിടുന്നത്.

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, കേരള മാരിടൈം ബോർഡ്, അദാനി വിഴിഞ്ഞം പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, കനോയിംഗ് ആന്റ് കയാക്കിംഗ് അസോസിയേഷൻ ഓഫ് കേരള, ടെക്‌നോപാർക്ക്, ഐ.ഒ.സി, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, ഇന്ത്യൻ നാവിക സേന, കോസ്റ്റ്ഗാർഡ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കടൽ യാത്ര സംഘടിപ്പിക്കുന്നത്.

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എം.ഡി. ഡോ.ജയകുമാർ, കേരള മാരിടൈം ബോർഡ് ചെയർമാൻ, അഡ്വ. വി.കെ.മാത്യു, അദാനി പോർട്ട് ലിമിറ്റഡ് എം.ഡി. രാജേഷ് ത്ധാ, എസ്.ഗോപിനാഥ്, മനേഷ് ഭാസ്‌കർ, കായികതാരം കെ.സി.രേഖ, കരമന ഹരി, പി.ശശിധരൻ നായർ, നാവിക,തീരദേശ സേന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

NO COMMENTS