കാവ്യാമാധവനെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ പരാതി

206

കൊച്ചി: സിനിമാതാരം കാവ്യാമാധവനെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ പരാതി. കാവ്യ ദിലീപ് താരജോഡികള്‍ വിവാഹിതരായ അന്നുമുതല്‍ തുടങ്ങിയ ഓണ്‍ലൈന്‍ അധിക്ഷേപം(ട്രോളിങ്) കാവ്യയെ ലൈംഗികമായി അധിക്ഷേപിക്കുന്നതുവരെ എത്തി. കാവ്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ലക്ഷ്യയെപോലും ട്രോളന്മാര്‍ വെറുതേവിട്ടില്ല.
വ്യവസായത്തേയും വ്യക്തി ജീവിതത്തേയും ഒരുപോലെ തകര്‍ക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരേയാണ് കാവ്യ എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് കൊച്ചി സിറ്റി പോലീസിലെ വനിത സി.ഐ കാവ്യയുടെ വീട്ടിലെത്തി പരാതിയിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ലക്ഷ്യയുടെ ഫെയ്സ്ബുക്ക് പേജില്‍ അശ്ലീലചുവയുള്ള കമന്റുകള്‍ ഇട്ടവര്‍ നിരവധിയാണ്. എന്നാല്‍ ഇതില്‍ ചില വ്യക്തികള്‍ക്കെതിരേയാണ് നിലവില്‍ പരാതി നല്‍കിയിരിക്കുന്നത്. വിവാഹവുമായി പോലും ബന്ധം ഇല്ലാത്ത ഇല്ലാത്ത പോസ്റ്റുകള്‍ക്ക് താഴെ അസഭ്യപരാമര്‍ശങ്ങളുടെ ബഹളമായിരുന്നു.

ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരേയും കാവ്യയേയും താരതമ്യം ചെയ്യുന്ന പോസ്റ്റുകളടക്കം മാനഹാനി ഉണ്ടാക്കിയതായി കാവ്യ എറണാകുളം റേഞ്ച് ഐ.ജിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. കാവ്യാമാധവനും ദിലീപും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള പോസ്റ്റുകളാണ് വൈറലായത്. പലതും സഭ്യതയുടെ അതിര്‍വരമ്ബ് ലംഘിച്ച്‌ വ്യക്തിഹത്യയിലേക്കും അശ്ലീലത്തിലേക്കും വഴിമാറുന്നവയായിരുന്നു. ദിലീപിനെയും കാവ്യാമാധവനെയും അപമാനിച്ച്‌ കെ.പി.സി.സി വക്താവ് പന്തളം സുധാകരന്‍ പോസ്റ്റ് ഇട്ടതും വിവാദമായിരുന്നു. ദിലീപിനും കാവ്യയ്ക്കും മംഗളാശംസകള്‍. ഇനി, കള്ളപ്പണമെന്ന് ആരും പറയില്ലല്ലോ?., എന്നായിരുന്നു സുധാകരന്റെ പോസ്റ്റ്. പ്രതിഷേധം ശക്തമായതോടെ സുധാകരന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
ഇതാദ്യമായല്ല സോഷ്യല്‍ മീഡിയവഴി അപകീര്‍ത്തിപ്പെടുത്തിയതിനെതിരേ കാവ്യ പരാതിപ്പെടുന്നത്. വ്യാജ ഫെയ്സ്ബുക്ക് പേജ് തുടങ്ങിയവര്‍ക്കെതിരേയും വ്യാജ വിവാഹവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും നടി നേരത്തേ പരാതി നല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY