കാവേരി : തമിഴ്നാട്ടിലെ കര്‍ണാടക സ്വദേശികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമം

183

ചെന്നൈ: കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ കര്‍ണാടക സ്വദേശികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമം.ചൈന്നൈയിലെ കര്‍ണാടക സ്വദേശിയുടെ ഹോട്ടലിനു നേരെ ബോംറിഞ്ഞു. മൈലാപ്പൂരിലെ ന്യൂ വുഡ്ലാന്‍ഡ്സ് ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 3.15 ന് ആയിരുന്നു ആക്രമണം നടന്നത്. സംഘമായെത്തിയ ഒരു വിഭാഗം ഹോട്ടലിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.മറ്റൊരു സംഭവത്തില്‍ കര്‍ണാടക രജിസ്ട്രേഷനുള്ള ഏഴ് ടൂറിസ്റ്റ് ബസുകള്‍ക്കു നേരെ രാമേശ്വരത്ത് ആക്രമണമുണ്ടായി. നാം തമിഴര്‍ ഇയക്കം എന്ന സംഘടനയില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു ക്ഷേത്രത്തിന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ഡ്രൈവറെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.കന്നഡ സിനിമാ താരങ്ങള്‍ക്കെതിരായി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ തമിഴ് വിദ്യാര്‍ത്ഥിയെ ബെംഗളൂരുവില്‍ മര്‍ദ്ദിച്ചവശനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു.ഉത്തരവ് റദ്ദാക്കണമെന്ന കര്‍ണാടകത്തിന്റെ പുന:പരിശോധനാ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടില്‍ കര്‍ണാടകക്കാര്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായിരിക്കുന്നത്.
ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കര്‍ണാടകത്തിന്റെ ആവശ്യം തള്ളി. എന്നാല്‍ പ്രതിദിനം 15,000 ഘനയടി ജലം തമിഴ്നാടിന് നല്‍കണമെന്ന മുന്‍ ഉത്തരവിലെ നിര്‍ദേശം 12,000 ഘനയടി ജലമായി കോടതി കുറച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY