കാവേരി നദിയില്‍നിന്ന് കര്‍ണാടക 6000 ക്യുസെക്സ് വെള്ളം നല്‍കണമെന്നു സുപ്രീംകോടതി

165

ന്യൂഡല്‍ഹി • കാവേരി നദിയില്‍നിന്ന് കര്‍ണാടക കൂടുതല്‍ ജലം തമിഴ്നാടിനു നല്‍കണമെന്നു സുപ്രീംകോടതി. 6000 ക്യുസെക്സ് വെള്ളം നല്‍കണമെന്നും കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവല്‍ക്കരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇൗ മാസം 21 മുതല്‍ 30 വരെ കര്‍ണാടക 3000 ക്യുസെക്സ് വീതം വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന കാവേരി മേല്‍നോട്ട സമിതിയുടെ ഉത്തരവാണ് കോടതി ഭേദഗതി ചെയ്തത്.ഇന്നലെ നടന്ന മുഴുദിന ചര്‍ച്ചയില്‍ വെള്ളം പങ്കുവയ്ക്കുന്ന കാര്യത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും ധാരണയിലെത്താനായില്ല. തുടര്‍ന്ന് മേല്‍നോട്ട സമിതി അധ്യക്ഷനും കേന്ദ്ര ജലവിഭവ സെക്രട്ടറിയുമായ ശശി ശേഖര്‍ പ്രത്യേക അധികാരമുപയോഗിച്ച്‌ തീരുമാനമെടുക്കുകയായിരുന്നു.ഈ മാസം 20 വരെ 12,000 ക്യുസെക്സ് വീതം വെള്ളം വിട്ടുകൊടുക്കാനാണു സുപ്രീം കോടതി കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള 10 ദിവസം കൂടി ഇതിന്റെ നാലിലൊന്നു വെള്ളം വിട്ടുകൊടുക്കാനാണു മേല്‍നോട്ട സമിതി ഇന്നലെ തീരുമാനിച്ചത്.
കാവേരി മാനേജ്മെന്റ് ബോര്‍ഡിനെക്കുറിച്ചുള്ള തീരുമാനമാകാത്തതിനാല്‍ അടുത്ത ഫെബ്രുവരി മുതല്‍ എല്ലാ മാസവും മേല്‍നോട്ട സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കര്‍ണാടകയും തമിഴ്നാടും തമ്മില്‍ ധാരണയായിരുന്നു. അതേസമയം, സുപ്രീംകോടതിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധമുയരാനുള്ള സാധ്യത കണക്കിലെടുത്ത് കര്‍ണാടകയിലെങ്ങും സുരക്ഷ ശക്തമാക്കി.

NO COMMENTS

LEAVE A REPLY