തമിഴ്നാടിന് കര്‍ണാടകം പ്രതിദിനം 3,000 ഘന അടി വെള്ളം നല്‍കണമെന്ന് കാവേരി മേല്‍നോട്ട സമിതി

222

ന്യൂഡല്‍ഹി: ബുധനാഴ്ച മുതല്‍ തമിഴ്നാടിന് കര്‍ണാടകം പ്രതിദിനം 3,000 ഘന അടി വെള്ളം നല്‍കണമെന്ന് കാവേരി മേല്‍നോട്ട സമിതി. സമിതിയുടെ തീരുമാനം സുപ്രീംകോടതിയെ അറിയിക്കും. നിലവില്‍ കര്‍ണാടകം 12,000 ഘന അടി വെള്ളമാണ് നല്‍കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇത്. ഉത്തരവിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.കേന്ദ്ര ജലവിഭവ സെക്രട്ടറി ശശിശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തമിഴ്നാടിന് കൊടുക്കേണ്ട വെള്ളത്തിന്റെ അളവ് കുറച്ചത്.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം ചേര്‍ന്നത്. ഈ മാസം 21 മുതല്‍ 30 വരെ പത്ത് ദിവസത്തേക്ക് 3000 ഘനയടി വെള്ളം തമിഴ്നാടിന് കര്‍ണാടക നല്‍കണമെന്നാണ് മേല്‍നോട്ട സമിതി എടുത്ത തീരുമാനം.
സമിതിയുടെ തീരുമാനത്തിനെതിരെ കര്‍ണാടക നിരവധി വാദങ്ങള്‍ ഉന്നയിച്ചിരുന്നു. തമിഴ്നാടിന് പങ്കുവയ്ക്കാന്‍ മാത്രം കാവേരി അണക്കെട്ടില്‍ വെള്ളമില്ല എന്ന് കര്‍ണാടക വാദിച്ചു.എന്നാല്‍ കാവേരിയില്‍ നിന്ന് വെള്ളം ലഭിച്ചില്ലെങ്കില്‍ കൃഷി നശിക്കുമെന്ന തമിഴ്നാടിന്റെ വാദം പരിഗണിച്ചാണ് 3000 ഘനഅടി വെള്ളം നല്‍കണമെന്ന് സമിതി തീരുമാനത്തിലെത്തിയത്. ഈ തീരുമാനം കര്‍ണാടകം അംഗീകരിക്കുമോ എന്ന് നാളെ മാത്രമെ അറിയാനാകു.
തമിഴ്നാടിന് വെള്ളം നല്‍കണമെന്ന ഉത്തരവിനെതിരെ കര്‍ണാടകം സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി നാളെയാണ് സുപ്രീംകോടതി പരിഗണിക്കുക.ഇതിന്‍മേലുളള എതിര്‍പ്പ് കര്‍ണാടകം കോടതിയെ അറിയിക്കുമെന്നാണ് വിവരം. സമിതിയുടെ നിര്‍ദ്ദേശം നടപ്പിലാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം സുപ്രീംകോടതിയാണ് കൈക്കൊള്ളുക. അതേസമയം സമിതിയുടെ തീരുമാനത്തെത്തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കി. ഹുസൂര്‍, മൈസൂര്‍ റോഡുകളില്‍ ദ്രുതകര്‍മ സേനയെ വിന്യസിച്ചിരുക്കകയാണ്.

NO COMMENTS

LEAVE A REPLY