തമിഴ്നാടിന് കര്‍ണാടക ദിനംപ്രതി നല്‍കേണ്ട വെള്ളത്തിന്‍റെ അളവ് സുപ്രീംകോടതി കുറച്ചു

166

ബെംഗളൂരു • കാവേരിനദീജല പ്രശ്നത്തില്‍ കര്‍ണാടകയ്ക്ക് താല്‍ക്കാലിക ആശ്വാസം. തമിഴ്നാടിന് കര്‍ണാടക ദിനംപ്രതി നല്‍കേണ്ട വെള്ളത്തിന്റെ അളവ് സുപ്രീംകോടതി കുറച്ചു. തമിഴ്നാടിന് സെപ്തംബര്‍ 20 വരെ ദിവസവും 12000 ക്യുസെക്സ് വെള്ളം നല്‍കിയാല്‍ മതിയെന്ന് കര്‍ണാടകത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 15,000 ക്യുസെക്സ് വീതം ജലം അടിയന്തരമായി വിട്ടുകൊടുക്കാനായിരുന്നു ഈ മാസം അഞ്ചിനു സുപ്രീം കോടതി ഉത്തരവിട്ടത്. തമിഴ്നാടിന് അധികജലം വിട്ടുകൊടുക്കണമെന്ന ഇടക്കാല ഉത്തരവിനെതിരെ കര്‍ണാടക സമര്‍പ്പിച്ച പുതുക്കല്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.കെആര്‍എസ് ഉള്‍പ്പെടെ കാവേരിയിലെ നാലു സംഭരണികളിലും ജലനിരപ്പു വളരെ കുറവായതിനാല്‍ തമിഴ്നാടിനു നല്‍കിവരുന്ന ജലത്തിന്റെ അളവ് പതിനയ്യായിരത്തില്‍നിന്ന് 1000 ക്യുസെക്സ് ആയി കുറയ്ക്കണമെന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.അതേസമയം, കാവേരിനദീജല തര്‍ക്കത്തില്‍ കര്‍ണാടകയുടെ നിലപാടില്‍ സുപ്രീം കോടതി അതൃപ്തിയും രേഖപ്പെടുത്തി. തമിഴ്നാടിന് വെള്ളം നല്‍കണമെന്ന ഉത്തരവ് കര്‍ണാടക നടപ്പാക്കിയില്ല. ക്രമസമാധാനനില മുന്‍നിര്‍ത്തി ഉത്തരവില്‍ ഇടപെടില്ല. പുതിയ ഭേദഗതി സംസ്ഥാനങ്ങളുടെ ജലദൗര്‍ലഭ്യം പരിഗണിച്ചാണ്. കോടതി വിധികള്‍ക്കെതിരെ കോടതിയെ സമീപിക്കണം. നിയമം കയ്യിലെടുക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY