ജമ്മു കശ്മീരില്‍ ഇപ്പോഴും 200ല്‍ അധികം ഭീകരര്‍ പ്രവര്‍ത്തനനിരതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍

244

ന്യൂഡല്‍ഹി• ജമ്മു കശ്മീരില്‍ ഇപ്പോഴും 200ല്‍ അധികം ഭീകരര്‍ പ്രവര്‍ത്തനനിരതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. ഇതില്‍ 105 പേരും ഈ വര്‍ഷം മാത്രം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കാണിത്. രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് എഴുതി തയാറാക്കി നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാന്‍സ്രാജ് ഗംഗാറാം അഹീറാണ് ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിലെ നുഴഞ്ഞുകയറ്റം തടയുന്നതിന് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ചില പദ്ധതികള്‍ക്ക് രൂപം നല്‍കി വരികയാണെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുക, അതിര്‍ത്തിയില്‍ പല തലങ്ങളായി സൈന്യത്തെ വിന്യസിക്കുക, സ്ഥിരമായി നുഴഞ്ഞുകയറ്റം നടക്കുന്ന മേഖലകളില്‍ അതിര്‍ത്തിവേലികള്‍ തീര്‍ക്കുക തുടങ്ങിയ പദ്ധതികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ബങ്കറുകളുടെയും പാലങ്ങളുടെയും നിര്‍മാണം, അത്യാധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം, സുരക്ഷാ സേനയ്ക്ക് കൂടുതല്‍ ആയുധങ്ങളും ഉപകരണങ്ങളും ലഭ്യമാക്കല്‍, ഇന്റലിജന്‍സിന്റെയും ഓപ്പറേഷന്‍ വിഭാഗത്തിന്റെയും കൂടുതല്‍ യോജിച്ചുള്ള പ്രവര്‍ത്തനം, അതിര്‍ത്തിയില്‍ ഫ്ലഡ്‍ലിറ്റ് സ്ഥാപിക്കല്‍, നുഴഞ്ഞുകയറ്റം തടയുന്നതിന് ഇന്റലിജന്‍സ് നിരീക്ഷണം ശക്തിപ്പെടുത്തല്‍ തുടങ്ങിയ നടപടികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതായി അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ വിരുദ്ധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു. ഇന്ത്യ-പാക്ക് അതിര്‍ത്തിക്ക് പുറമെ ഇന്തോ-ബംഗ്ലദേശ് അതിര്‍ത്തിയിലും ഇത്തരം അത്യാധുനിക സംവിധാനങ്ങള്‍ ക്രമീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

NO COMMENTS

LEAVE A REPLY