അതിര്‍ത്തിയില്‍ 15 പാക്ക് സൈനികരെ ബിഎസ്‌എഫ് വധിച്ചു

163

ന്യൂഡല്‍ഹി• അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ 15 പാക്ക് റേഞ്ചേഴ്സ് ഭടന്‍മാര്‍ കൊല്ലപ്പെട്ടെന്ന് ബിഎസ്‌എഫ് എഡിജി അരുണ്‍ കുമാര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു ശക്തമായ വെടിവയ്പ്പാണ് ഉണ്ടാകുന്നത്. തങ്ങള്‍ ഒരിക്കലും ജനവാസ മേഖലയിലേക്ക് വെടിവയ്പ്പ് നടത്തിയിട്ടില്ലെന്നും പാക്കിസ്ഥാനാണ് ആദ്യം ചെയ്തതെന്നും ബിഎസ്‌എഫ് എഡിജി പറഞ്ഞു. ഇതിന് ഞങ്ങള്‍ ശക്തമായ മറുപടി നല്‍കിയെന്നും എഡിജി അരുണ്‍ കുമാര്‍ വ്യക്തമാക്കി. പാക്ക് അധിനിവേശ കശ്മീരിലെ മിന്നലാക്രമണത്തിനു ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യാക്രമണമാണിത്.

കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ പാക്കിസ്ഥാന്‍ ശക്തമായ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തുകയാണ്. ഇതേത്തുടര്‍ന്ന് ശക്തമായ തിരിച്ചടി നല്‍കാന്‍ ബിഎസ്‌എഫിന് നിര്‍ദേശം നല്‍കിയിരുന്നു. കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പാക്ക് സൈന്യത്തിന്റെ ആക്രമണത്തിനിടയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമവും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചിനു തുടങ്ങിയ പ്രകോപനം ഇപ്പോഴും തുടരുകയാണ്. പുലര്‍ച്ചെ 24 ബിഎസ്‌എഫ് പോസ്റ്റുകള്‍ക്കുനേരെ പാക്ക് വെടിവയ്പ്പുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും 200 കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ച മുമ്ബ് ജമ്മു-കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ അതിര്‍ത്തിരക്ഷാ സേന (ബിഎസ്‌എഫ്) നടത്തിയ തിരിച്ചടിയില്‍ ഏഴു പാക്ക് പട്ടാളക്കാരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ജമ്മു-കശ്മീരിലെ കത്തുവ ജില്ലയില്‍ ഹിര നഗറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് വെടിയുതിര്‍ത്തതോടെയാണു ബിഎസ്‌എഫ് ശക്തമായ പ്രത്യാക്രമണം നടത്തിയത്.

NO COMMENTS

LEAVE A REPLY