കശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു

217

ശ്രീനഗര്‍ • കശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബഹുനിലക്കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി ഇന്നലെ രാവിലെയാണ് സൈന്യം ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കെട്ടിടത്തിനുള്ളില്‍ എത്ര ഭീകരരുണ്ടെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. മൂന്നു ഭീകരര്‍ ഉണ്ടെന്ന അനുമാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഓന്‍ട്രപ്രനര്‍ഷിപ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഇഡിഐ) ഉടമസ്ഥതയിലുള്ള ഈ കെട്ടിടം പൂര്‍ണമായും സൈന്യം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടലില്‍ ഇന്നലെ ഒരു സൈനികന് പരുക്കേറ്റിരുന്നു.
ശ്രീനഗറിനു 15 കിലോമീറ്റര്‍ അകലെയുള്ള പാംപോറിലെ ഇഡിഐ ക്യാംപസിനുള്ളിലെ ഹോസ്റ്റല്‍ കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത്.
50ല്‍ അധികം മുറികളുള്ള കെട്ടിടമാണിത്. ഈ കെട്ടിടത്തിന്റെ ആറാമത്തെയോ ഏഴാമത്തെയോ നിലയിലാണ് ഭീകരര്‍ പതിയിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കെട്ടിടത്തിന്റെ പല ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഭീകരരെ ജീവനോടെ പിടികൂടാനാണ് സൈന്യത്തിന്റെ നീക്കം. അതിനു കഴിഞ്ഞില്ലെങ്കില്‍ വെടിവച്ചു കൊല്ലാനാണ് തീരുമാനം.പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ഝലം നദിയിലൂടെ ബോട്ടിലാണ് ഭീകരര്‍ ഇവിടെയെത്തിയത്. ഇന്നലെ പുലര്‍ച്ചെ ആറരയോടെയാണ് ഭീകരര്‍ ഏഴുനിലയുള്ള കെട്ടിടത്തിനകത്തു കടന്നത്. അകത്തു കടന്നയുടന്‍ ഭീകരര്‍ കെട്ടിടത്തിന്റെ ചില ഭാഗത്തിന് തീയിട്ടു. ഇതു കണ്ടാണ് സുരക്ഷാ സേന എത്തിയത്. തുടര്‍ന്ന് വന്‍ ഏറ്റുമുട്ടലുണ്ടായി.
കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ സ്ഥലത്തു ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്നു 48 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ രണ്ടു ജവാന്‍മാരും ഒരു നാട്ടുകാരനും മൂന്നു ഭീകരരും കൊല്ലപ്പെട്ടു.

NO COMMENTS

LEAVE A REPLY