കശ്മീര്‍ പ്രമേയം ലോക്സഭ ഏകകണ്ഠമായി പാസാക്കി

184

ദില്ലി: ജമ്മുകശ്മീരിൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന പ്രമേയം ലോക്സഭ ഏകകണ്ഠമായി പാസാക്കി. വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാക്കി ലോക്സഭയും രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

ജമ്മു കശ്മീരിൽ ബുര്‍ഹാൻ വാനിയെ വധിച്ചതിന് ശേഷമുള്ള സംഘര്‍ഷം തുടരുമ്പോഴാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങൾ ആരായാൻ സര്‍ക്കാർ സര്‍വ്വകക്ഷി യോഗം വിളിച്ചത്. കശ്മീരിലെ സര്‍വ്വകക്ഷി സംഘത്തെ അയക്കണമെന്ന നിര്‍ദ്ദേശം യോഗത്തിൽ ഉയര്‍ന്നു. പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിയുന്നതിന് മുമ്പ് ലോക്സഭ സമാധാനത്തിനുള്ള ആഹ്വാനം നൽകി പ്രത്യേക പ്രമേയവും പാസാക്കി. ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് കശ്മീരിലെ സംഘര്‍ഷത്തിന് അവസാനമുണ്ടാക്കണമെന്ന് പ്രമേയം നിര്‍ദ്ദേശിക്കുന്നു. കശ്മീരിൽ യുവജനങ്ങളുടെ വിശ്വാസം ആര്‍ജിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുന്നു എന്ന് ആരോപിച്ച് സംസ്ഥാനത്തെ എം.പിമാർ അവസാന ദിനത്തിൽ സഭയ്ക്ക് പുറത്തും അകത്തും പ്രതിഷേധിച്ചു. ചരക്ക് സേവന നികുതിക്കുള്ള ഭരണഘടന ഭേദഗതി ഉൾപ്പടെ ചില സുപ്രധാന ബില്ലുകൾ പാസാക്കിയാണ് വര്‍ഷകാല സമ്മേളനം അവസാനിച്ചത്. പാര്‍ലമെന്‍റിന്‍റെ ചുവടുപിടിച്ച് ഇന്ന് അസം നിയമസഭയും ഭരണഘടന ഭേദഗതിക്ക് അംഗീകാരം നൽകി. ഇനി 14 സംസ്ഥാനങ്ങൾ കൂടി ഈ പ്രമേയം പാസാക്കണം.

NO COMMENTS

LEAVE A REPLY