കശ്മീരിലേക്ക് സര്‍വകക്ഷി സംഘത്തെ അയയ്ക്കേണ്ടതില്ലെന്ന് കേന്ദ്രം

247

സംഘര്‍ഷം തുടരുന്ന ജമ്മുകശ്‍മിരിലേക്ക് ഇപ്പോള്‍ സര്‍വ്വകക്ഷി സംഘത്തെ അയയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സ്ഥിതി വിലയിരുത്താന്‍ ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് പൗരസമൂഹവുമായും രാഷ്‌ട്രീയകക്ഷി നേതാക്കളുമായും ചര്‍ച്ച തുടങ്ങി. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒന്‍പത് സൈനികര്‍ക്ക് പരിക്കേറ്റു.
ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് ജമ്മുകശ്‍മീരില്‍ പ്രതിഷേധം തുടങ്ങിയ ശേഷം രണ്ടാം തവണയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ശ്രീനഗറില്‍ എത്തിയത്. പൗരസമൂഹവുമായും രാഷ്‌ട്രീയ കക്ഷി നേതാക്കളുമായും രാജ്നാഥ് ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് പ്രതിനിധി സംഘവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും രാജ്നാഥ് സിംഗിനെ കണ്ടു.
മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ രാജ്നാഥ് സിങ് അറിയിച്ചു. തല്‌ക്കാലം കശ്‍മീരിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയയ്‌ക്കേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. സഖ്യകക്ഷിയായ പിഡിപിയും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു. പ്രതിഷേധക്കാരെ നേരിടാന്‍ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ചര്‍ച്ചകളില്‍ ഉയര്‍ന്നു. വിഘടനവാദി നേതാക്കളെ രാജ്നാഥ് സിങ് കണ്ടില്ല. ശ്രീനഗറില്‍ ചില മേഖലകളില്‍ കര്‍ഫ്യൂവില്‍ ഇളവു നല്കി. പുല്‍വാമയില്‍ പോലീസ് സംഘത്തിനു നേരയുള്ള ഗ്രനേഡ് ആക്രമണത്തില്‍ എട്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു.

NO COMMENTS

LEAVE A REPLY