കാസര്‍കോട്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം നടന്ന പെരിയ കല്ല്യോട്ട് വീണ്ടും സംഘര്‍ഷം. കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും ബോംബേറിലും അക്രമത്തിലും കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ന്നു. പൊലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഘര്‍ഷത്തിന് തുടക്കം.
ബോംബേറിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് കല്ല്യോട്ട് ടൗണില്‍ ഇന്ന് രാവിലെ മുതല്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്ല്യോട്ട് കുമ്ബളയിലെ ദീപുവിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ബോംബേറുണ്ടായത്. രണ്ടുതവണ ബോംബുകള്‍ എറിഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്താണ് ദീപു. വീടിന്റെ ചുമരില്‍ ആണ് ബോംബുകള്‍ പതിച്ചത്. ജനല്‍ ഗ്ലാസുകളും പൈപ്പുകളും പൊട്ടിയിട്ടുണ്ട്.
ഈ സംഭവത്തിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകനും കല്ല്യോട്ട് ടൗണിലെ വ്യാപാരിയുമായ വത്സരാജിന്റെ വീടിനും വാഹനങ്ങള്‍ക്കും നേരെ ഒരു സംഘം ആക്രമണം നടത്തി. വീട് പൂര്‍ണ്ണമായി അടിച്ചു തകര്‍ത്തു. കാര്‍, ജീപ്പ്, ടിപ്പര്‍ ലോറി, മിനി ലോറി, പിക്കപ്പ് വാന്‍ അടക്കം അഞ്ചു വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. കല്ല്യോട്ട് താന്നിയടി റോഡിലുള്ള വീടിന് നേരെയാണ് അക്രമം നടന്നത്. സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം എം ബാലകൃഷ്ണന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി. വീടിന്റെ ജനല്‍ ചില്ലുകള്‍ മുഴുവന്‍ അടിച്ചു തകര്‍ത്തു.
കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ സംഭവത്തിന്റെ തുടര്‍ച്ചയായി വത്സരാജിന്റെ കല്ല്യോട്ട് ടൗണിലെ മലഞ്ചരക്ക് കട കത്തിച്ചിരുന്നു. അതിന് ശേഷം അടുത്ത നാളിലാണ് വത്സരാജ് കട നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി പൂര്‍വ്വസ്ഥിതിയിലാക്കിയത്. അക്രമങ്ങള്‍ക്ക് ശേഷം ഇന്നലെ അര്‍ദ്ധരാത്രിയോടെ കല്ല്യോട്ട് ടൗണില്‍ സംഘടിച്ചു നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ സ്ഥലത്തെത്തിയ പൊലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ നിന്നവരെ ബലം പ്രയോഗിച്ചു മാറ്റാന്‍ നോക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ തിരിഞ്ഞതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ലാത്തികൊണ്ട് തലക്കടിയേറ്റ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറിലും അക്രമത്തിലും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലിസുകാരായ പ്രദീപന്‍, ശരത്, സുമേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പ്രദീപന്റെ കൈയൊടിഞ്ഞ നിലയിലാണ്. അക്രമത്തിനിടയില്‍ നിലത്ത് വീണാണ് കൈയൊടിഞ്ഞത്. പരിക്കേറ്റ പൊലീസുകാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാത്തിയടി കൊണ്ട് പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഗോപകുമാര്‍, ഗിരീഷ്, സനല്‍ എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അക്രമ വിവരം അറിഞ്ഞ് എത്തിയ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ടി.എന്‍ സജീവനും സംഘവും പൊലീസിനെ ആക്രമിച്ച ഒമ്ബത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷമുണ്ടായ കല്ല്യോട്ട് പ്രദേശത്ത് പൊലീസ് കാവല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അക്രമത്തില്‍ ഏര്‍പ്പെട്ട ഒമ്ബത് പ്രവര്‍ത്തകരെ കൂടുതല്‍ പൊലീസ് എത്തി വളഞ്ഞു പിടിക്കുകയായിരുന്നു. രാത്രി 12 മണിയോടെയാണ് പൊലീസിന് നേരെ അക്രമം നടന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദീപുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞുവെന്ന പ്രചാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത നാടകം മാത്രമാണെന്ന് സി.പി.എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി രാജ്‌മോഹന്‍ പറഞ്ഞു. ബോബെറിഞ്ഞുവെന്ന് പറയുന്ന സംഭവത്തിന് പിന്നില്‍ സി.പി.എമ്മിന് യാതൊരു ബന്ധവുമില്ല. സി.പി.എം അനുഭാവികളായ വത്സരാജിന്റെയും ലോക്കല്‍ കമ്മറ്റി മെമ്ബര്‍ ബാലകൃഷ്ണനെയും വീടുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ അവര്‍ ഉണ്ടാക്കിയ തിരക്കഥ മാത്രമാണ് ബോംബേറ് സംഭവം. രാത്രി സ്ത്രീകള്‍ അടക്കം സംഘടിച്ചു എത്തിയത് ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് തെളിയിക്കുന്നതാണ്. മൂന്ന് ദിവസം മുമ്ബാണ് സി.പി.എം അനുഭാവി ജോഷിയെയും കുഞ്ഞിനേയും കല്ല്യോട്ട് ടൗണില്‍ വെച്ച് വീരപ്പന്‍ ദാമോദരന്‍ എന്നുപറയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൈയേറ്റം ചെയ്തതെന്നും രാജ്‌മോഹന്‍ പറഞ്ഞു.