കാസർഗോഡ് ഒരു വർഷത്തിനുള്ളിൽ ന്യൂറോ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യം

10

ന്യൂറോളജിയുമായി ബന്ധപ്പെട്ട സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ സൗകര്യങ്ങൾ കാസർഗോഡ് ജില്ലിയിൽ പരമാവധി ഒരു വർഷത്തിനകം ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എൻഡോസൾഫാൻ ദുരിദബാധിതർക്കുള്ള ചികിത്സാ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ദയാ ബായിയുടെ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമര സഹായ സമിതി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പു നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരാണ് ചർച്ച നടത്തിയത്.

എയിംസ് അടക്കം നാലു വിഷയങ്ങളാണ് സമരസമിതി നേതാക്കൾ മുന്നോട്ട് വച്ചത്. കോഴിക്കോട് എയിംസിന്റെ കാര്യത്തിൽ സർക്കാർ നടപടികൾ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞതായി മന്ത്രിമാർ അറിയിച്ചു. അതിനാൽ മറ്റു പ്രദേശങ്ങളെ തത്ക്കാലം പരിഗണിക്കാനാകില്ല. കാസർഗോഡ് ജില്ലയിലെ വിവധ ആശുപത്രികളുമായി ബന്ധപ്പെട്ട ചികിത്സാ സൗകര്യങ്ങൾ സമയബന്ധിതമായി തന്നെ മെച്ചപ്പെടുത്തുമെന്നും മന്ത്രിമാർ അറിയിച്ചു.

മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, ടാറ്റ ആശുപത്രി, കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിലും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും കാസർഗോഡ് മെഡിക്കൽ കോളജിൽ ഓ.പി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇവിടെ രണ്ട് ന്യൂറോളജിസ്റ്റുകളുടെ തസ്തികയും അനുവദിച്ചു. ആദ്യമായാണ് കാസർഗോഡ് ജില്ലയിൽ ന്യൂറോളജിസ്റ്റുകളുടെ തസ്തിക അനുവദിച്ചത്. ഇവിടെ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി. മറ്റൊരു കെട്ടിടത്തിന്റെ നിർമ്മാണം നടന്നു വരുന്നു. ഈ കെട്ടിടത്തിലാണ് ന്യൂറോളജി ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത്.

കെട്ടിട നിർമ്മാണത്തിലുണ്ടായ സാങ്കേതിക തടസങ്ങൾ പരിഹരിച്ചു കഴിഞ്ഞു. ഇതോടൊപ്പം കാഞ്ഞങ്ങാട് ആശുപത്രിയിലും ന്യൂറോ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. എത്രയും വേഗം, പരമാവധി ഒരു വർഷത്തിനകം ന്യൂറോളജി ചികിത്സ സൗകര്യം കാസർഗോഡ് ഉറപ്പാക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പകൽ പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് തദ്ദേശ ഭരണ വകുപ്പുമായി ആലോചിച്ച് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകാമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു ഉറപ്പു നൽകി. സാമൂഹിക സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തിൽ അപേക്ഷ സമർപ്പിക്കുന്നവർക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. രണ്ട് മാസത്തിനുള്ളിൽ ക്യാമ്പ് സംഘടിപ്പിക്കാനാണ് തീരുമാനം.

ബഡ്‌സ് സ്‌കൂളുകളോട് അനുബന്ധമായി ബഡ്‌സ് റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്ന കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലെ ലയം ഹാളിൽ നടന്ന ചർച്ചയിൽ സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഫറീനാ കോട്ടപ്പുറം, കരീം ചൗക്കി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS