കാര്‍ഗില്‍ വിജയാഘോഷത്തിനു തുടക്കം

230

നൂറുകണക്കിനു ധീരയോദ്ധാക്കള്‍ വീരമൃത്യുവരിച്ചതിന്റെ സ്മരണയില്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ വിജയാഘോഷത്തിനു തുടക്കമായി.യുദ്ധഭൂമിയില്‍ത്തന്നെ പതിനേഴാം വാര്‍ഷിക ആഘോഷമെന്നതു ശ്രദ്ധേയം. കാര്‍ഗില്‍ ജില്ലയിലെ ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ നടക്കുന്ന ആഘോഷത്തില്‍ കരസേനാ മേധാവി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.ലഡാക്ക് മേഖലയിലെ ദ്രാസ് എന്ന ചെറുപട്ടണത്തിലെ ജനങ്ങളും ആഘോഷത്തിന്റെ തിരക്കിലാണ്. കാരണം, കാര്‍ഗില്‍ യുദ്ധത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ യാതന അനുഭവിച്ചവരാണു ദ്രാസിലെ ജനത. പാക്കിസ്ഥാന്‍ ഷെല്ലാക്രമണത്തിന്റെ ഭയമായിരുന്നു അന്ന്. ചീറിപ്പാഞ്ഞു പോകുന്ന പട്ടാളവണ്ടികളുടെ സുരക്ഷയിലാണു ദ്രാസിലെ ജനത ഇന്ന്. ശത്രുരാജ്യം പതിയിരുന്ന് ആക്രമിച്ചപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞു പലായനം ചെയ്തവരായിരുന്നു കാര്‍ഗില്‍ ജില്ലയിലെ ജനങ്ങള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തണുപ്പുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണു ദ്രാസ് (ഒന്നാം സ്ഥാനത്തു സൈബീരിയ). ശൈത്യകാലത്തു താപനില മൈനസ് 45 വരെ താഴും. ഒരിക്കല്‍ താപനില മൈനസ് 60ല്‍ എത്തിയെന്ന് ഒരു നാട്ടുകാരന്‍ പറഞ്ഞു.ദ്രാസിന് അടുത്തുള്ള 17,000 അടി ഉയരെയുള്ള ടൈഗര്‍ ഹില്ലിന്റെ മോചനമായിരുന്നു കരസേന ഏറ്റെടുത്ത കടുത്ത വെല്ലുവിളി. ഇപ്പോള്‍ ടൈഗര്‍ ഹില്ലിനു തൊട്ടടുത്ത് ഇന്ത്യന്‍ സേനയുടെ നിരീക്ഷണസംഘമുണ്ട് – ഏകദേശം 14,500 അടി മുകളില്‍. ഈ പോസ്റ്റില്‍നിന്നു തൊട്ടടുത്തപോലെ ടൈഗര്‍ ഹില്‍ കാണാം, മഞ്ഞില്‍ മൂടിപ്പുതച്ചു നില്‍ക്കുന്നു. ആരെയും കയ്യേറാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയം നിരീക്ഷണസംഘത്തിലെ ജവാന്മാരുടെ മുഖത്തുണ്ട്.ദ്രാസിലെയും കാര്‍ഗിലിലെയും ജനങ്ങള്‍ക്ക് ഇപ്പോള്‍ ഭയമില്ല. കാരണം, അവര്‍ കരസേനയുടെ സുരക്ഷിത കരങ്ങള്‍ക്കു കീഴിലാണ്. ദേശീയപാത ഒന്ന് എന്ന തന്ത്രപരമായ പ്രധാന പാതയിലാണു ദ്രാസും കാര്‍ഗിലും. ലഡാക്ക് മേഖലയിലെ ലേയെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാത എന്ന നിലയില്‍ ദേശീയപാത ഒന്നിനു പ്രാധാന്യം ഏറെയാണ്. പട്ടാളം എത്തിയതോടെ ദേശീയപാതയും ഈ മേഖലയും വികസിച്ചു എന്നതും യുദ്ധത്തിന്റെ ഫലങ്ങളില്‍ ഒന്ന്.

NO COMMENTS

LEAVE A REPLY