കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറിക്ക് പിന്നിലെ മുഖ്യ സൂത്രധാരന്‍ നേപ്പാളില്‍ പിടിയില്‍

251

ന്യൂഡല്‍ഹി: കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറിക്ക് പിന്നിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. നേപ്പാളില്‍ വച്ച്‌ ഐ.എസ്.ഐ ഏജന്റായ ഷംസുള്‍ ഹോഡയാണ് പോലീസ് പിടിയിലായത്. തിങ്കളാഴ്ച ദുബായില്‍ നിന്ന് ഹോഡയെ നേപ്പാളിലേക്ക് നാടുകടത്തുകയായിരുന്നു. നേപ്പാളിലെ ബാര ജില്ലയില്‍ നടന്ന ഒരു ഇരട്ടകൊലപാതകത്തിന് പിന്നിലും ഹോഡയായിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഇയാളെ ദുബായില്‍ കണ്ടെത്തിയത്. ഹോഡയെ കൂടാതെ മറ്റ് മൂന്നുപേരെയും നേപ്പാള്‍ പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍.ഐ.എ അന്വേഷിക്കുന്ന ബ്രിജ്കിഷോര്‍ ഗിരി, ആശിശ് സിങ്, ഉമേഷ് കുമാര്‍ കുര്‍മി എന്നിവരാണ് അറസ്റ്റിലുള്ള മറ്റ് മൂന്നുപേര്‍. ഹോഡയുടെ അറസ്റ്റ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകും.

റെയില്‍വെ ട്രാക്കില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച്‌ ട്രെയിന്‍ അപകടപ്പെടുത്തിയതാണെന്ന് ഇതിനോടകം പോലീസിന് വിവരം ലഭിച്ചിരുന്നു. നവംബറിലുണ്ടായ അപകടത്തില്‍ ഇന്‍ഡോര്‍പട്ന എക്സ്പ്രസിന്റെ 14 കോച്ചുകള്‍ പാളം തെറ്റി 150 പേര്‍ മരിക്കുകയുണ്ടായി. ഒരു കോലപാതകവുമായി ബന്ധപ്പെട്ട് ബിഹാറില്‍ അറസ്റ്റിലായ മൂന്നു പേരില്‍ നിന്നാണ് ട്രെയിന്‍ അപകടം അട്ടിമറിയാണെന്നും അതിന് പിന്നില്‍ ഐ.എസ്.ഐയാണെന്നുമുള്ള സൂചന അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. നേപ്പാള്‍ സ്വദേശിയായ ബ്രിജ് കിഷോര്‍ ഗിരിക്കും ട്രെയിന്‍ അട്ടിമറിയില്‍ പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ബോംബുകള്‍ ട്രാക്കില്‍ സ്ഥാപിക്കാന്‍ ഹോഡ ബ്രിജ് കിഷോര്‍ ഗിരിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മോത്തിഹാരി സ്വദേശികളായ യുവാക്കളുടെ സഹായത്തോടെയാണ് ഗിരി പദ്ധതി ആസൂത്രണം ചെയ്തത്. കാണ്‍പൂര്‍ ട്രെയിന്‍ അപകടം അട്ടിമറിയാണെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ആന്ധ്രയിലെ കുനേരുവിലുണ്ടായ അപകടവും അട്ടിമറിയാണോ എന്ന് അന്വേഷിച്ചുവരുകയാണ്.

NO COMMENTS

LEAVE A REPLY