കണ്ണൂര്‍: സിപിഎം ബ്രാഞ്ച്കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ച് കടന്ന് പ്രവര്‍ത്തകനെ ആക്രമിച്ചെന്ന് ആരോപിച്ച് രണ്ട് ദളിത് യുവതികളെയും ഒന്നരവയസ്സുകാരിയായ കുട്ടിയെയും ജയിലിലടച്ച സംഭവം വിവാദമാകുന്നു.
വിഷയം അന്വേഷിക്കുമെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കുമെന്നും പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍.എല്‍. പുനിയ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരമേഖല എ.ഡി.ജി.പിക്ക് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കുട്ടിമാക്കൂലില്‍ ഡി.വൈ.എഫ്.ഐ. തിരുവങ്ങാട് മേഖല സെക്രട്ടറിയും സിപിഎം അംഗവുമായ ഷിജിനെ ആക്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തത്. കേസില്‍ ജാമ്യം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ഇവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചാര്‍ജു ചെയ്തിരിക്കുന്നത്.
പാര്‍ട്ടി ഓഫീസിന്റെ മുന്നിലൂടെ പോകുമ്പോള്‍ തങ്ങളെ അസഭ്യം പറഞ്ഞെന്നും ഇതുചോദിക്കാനായി ഓഫീസിലേക്ക് കയറിയ തങ്ങളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും കാണിച്ച് അഖിലയും അഞ്ജനയും പരാതി കൊടുത്തിരുന്നു. ഇവരുടെ പരാതിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തസംഭവം കാട്ടുനീതിയാണെന്നും ഇത് കേരളത്തിന് തന്നെ നാണക്കേടാണെന്നും സുധീരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടികള്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്ന നടത്തിയെന്ന വാര്‍ത്ത അവിശ്വസനീയമാണ്. വിഷയത്തില്‍ പോലീസ് കള്ളക്കഥ മെനയുകയാണെന്നും അദ്ദേഹം ആരോപിച്ചു.