കണവ റോസ്റ്റ്

513

ചേരുവകള്‍
അര കിലോ കണവ ( കൂന്തള്‍)
2 സവാള (പൊടിയായി അരിഞ്ഞത്)
2 തക്കാളി (പൊടിയായി അരിഞ്ഞത്)
4 പച്ചമുളക് (നെടുകെ കീറിയത്)
2 തണ്ട് കറിവേപ്പില
1 ടീസ്പൂണ്‍ മുളകുപൊടി
1 ടീസ്പൂണ്‍ കുരുമുളകുപൊടി
കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി
1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്
ആവശ്യത്തിന് വെളിച്ചെണ്ണ
ആവശ്യത്തിന് മല്ലിയില
ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി വച്ചിരിക്കുന്ന കണവ ഒരു ടീസ്പൂണ്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ചെറുതീയില്‍ വറുത്തെടുക്കുക.

അടുത്തതായി ഒരു പാനില്‍ 2 ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റിയെടുക്കുക.

സവാള സ്വര്‍ണനിറമായി വരുമ്പോള്‍ അതിലേക്ക് പച്ചമുളകും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തിളക്കുക. ഇതിന്റെ പച്ചമണം മാറി വരുമ്പോഴേക്കും തക്കാളി കൂടി ചേര്‍ക്കുക.

തക്കാളി വഴണ്ടുവരുമ്പോഴേക്കും മുളകുപൊടിയും കുരുമുളകുപൊടിയും കൂടി ചേര്‍ക്കുക. പൊടികളുടെ പച്ചമണം മാറുമ്പോള്‍ നേരത്തേ വറുത്തുവച്ചിരിക്കുന്ന കണവ കൂടി ഇതിലേക്ക് ചേര്‍ക്കുക.

5 മിനിറ്റ് ചെറുതീയില്‍ അടച്ചുവച്ചു വേവിക്കുക. ശേഷം നന്നായി ഇളക്കി അടുപ്പില്‍ നിന്നും വാങ്ങാം. കറിവേപ്പില വിതറി അലങ്കരിച്ചു വിളമ്പാം.

NO COMMENTS

LEAVE A REPLY