സിപിഐ എക്സിക്യുട്ടീവില്‍ കാനം രാജേന്ദ്രനെതിരെ വിമര്‍ശനം

195

തിരുവനന്തപുരം• സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എഐടിയുസി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു തുടരുന്നതില്‍ പാര്‍ട്ടി എക്സിക്യുട്ടീവില്‍ വിമര്‍ശനം. മുന്‍ മന്ത്രി കെ.ഇ.ഇസ്മായില്‍ ആണു കാനത്തിന്റെ പേരെടുത്തു പറയാതെ വിമര്‍ശനം ഉന്നയിച്ചത്. കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി സ്ഥാനവും പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനവും ഒരുമിച്ചു വഹിക്കാന്‍ പ്രയാസമുണ്ടെന്നു സത്യന്‍ മൊകേരി പറഞ്ഞതാണു വിമര്‍ശനത്തിനു തുടക്കമിട്ടത്.കിസാന്‍ സഭ സംസ്ഥാന സമ്മേളനം അടുത്തു നടക്കാന്‍ പോകുന്നതിനാല്‍ അതില്‍ വച്ചു സ്ഥാനം ഒഴിഞ്ഞാല്‍ മതിയെന്നു കാനം രാജേന്ദ്രന്‍ നിര്‍ദേശിച്ചു. ഇത് ഏറ്റുപിടിച്ചാണു സംഘടനാപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ഒന്നിലേറെ പദവികളില്‍ ഇരിക്കുന്നതിന്റെ അനൗചിത്യം ഇസ്മായില്‍ ചൂണ്ടിക്കാട്ടിയത്.
പിഎസ്സിയില്‍ പാര്‍ട്ടിയുടെ പ്രതിനിധിയെ തീരുമാനിച്ചപ്പോള്‍ വേണ്ട രീതിയില്‍ ചര്‍ച്ച നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച റവന്യു, കൃഷി മന്ത്രിമാര്‍ അടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചില്ല. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ യോഗത്തില്‍ പങ്കെടുക്കാത്തതു മൂലമാണിത്. പാര്‍ട്ടിക്കു ലഭിക്കുന്ന 18 ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍മാരുടെ പട്ടിക ഒക്ടോബര്‍ നാലിന് അംഗീകരിക്കാനാണു തീരുമാനം.

NO COMMENTS

LEAVE A REPLY