കലിതുള്ളി കടൽ; തീരദേശത്ത് കടലാക്രമണം രൂക്ഷം, നിരവധി വീടുകളിൽ വെള്ളം കയറി

249

തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. ആയിരക്കണക്കിന് വീടുകൾ വെളളവും ചെളിയും കയറി വാസയോഗ്യമല്ലാതായി. എറിയാട്, എടവിലങ്ങ് തീരപ്രദേശങ്ങളിലെ നിരവധി വീടുകൾ തകർച്ചാഭീഷണിയിലാണ്. എറിയാട് പഞ്ചായത്തിലെ ചന്ത, ആറാട്ടുവഴി, പേബസാർ, മണപ്പാട്ടുച്ചാൽ, അറപ്പ, ചേരമാൻ തുടങ്ങിയ കടപ്പുറങ്ങളിൽ വേലിയേറ്റം ശക്തമാണ്. എറിയാട് ചന്ത കടപ്പുറത്ത് ജിയോബാഗുകളും മണൽച്ചാക്കുകളും കൊണ്ട് നിർമ്മിച്ച തടയണ കടന്നാണ് കടലെത്തിയത്. ഇവിടെ ഒന്നര കിലോമീറ്ററിലധികം ദൂരത്തേക്ക് കടൽ കയറി. തീരദേശവാസികൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

എറിയാട് പഞ്ചായത്തിലെ അഴീക്കോട് സുനാമി ഷെൽട്ടർ, എറിയാട് കേരളവർമ്മ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. അഴീക്കോട് സുനാമി ഷെൽട്ടറിൽ രണ്ട് കുടുംബങ്ങളിലായി എട്ട് പേരെ മാറ്റി പാർപ്പിച്ചു. എറിയാട് കെ.വി.എച്ച്.എസ്.എസിലേക്ക് ആളുകൾ വന്ന് കൊണ്ടിരിക്കുന്നു. പ്രദേശത്തെ നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണ്.

എടവിലങ്ങ് കാരയിൽ കടലാക്രമണത്തിൽ വീട് തകർന്നു. കല്ലിശ്ശേരി ലെനിയുടെ ഓട് മേഞ്ഞ വീടാണ് പൂർണ്ണമായും തകർന്നത്. മതിലകം വില്ലാർവട്ടത്ത് ഷണ്മുഖന്റെ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. പ്രദേശത്തെ തെങ്ങുകളും കടപുഴകിയിട്ടുണ്ട്. വാക്കടപ്പുറത്തിന് തെക്ക് ഭാഗത്തുള്ള ഒട്ടനവധി വീടുകൾ വെള്ളത്തിലാണ്. കനത്ത മഴ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിലാണ് കടൽക്ഷോഭം മൂലം ഏറെ നാശനഷ്ടമുണ്ടായിരിക്കുന്നത്.

വെളുപ്പിന് മൂന്ന് മണിയോടെയാണ് കടൽക്ഷോഭം ശക്തമായത്. അറപ്പ തോടിന് പടിഞ്ഞാറ് ഭാഗത്തുള്ള വീടുകളിൽ നിമിഷനേരംകൊണ്ട് വെളളം കയറി. ഒപ്പം മണലും ചെളിയും നിറഞ്ഞു. അറപ്പതോടും ചെറുതോടുകളും വെള്ളം നിറഞ്ഞതോടെ അറപ്പതോടിന് കിഴക്കുവശമുള്ള പ്രദേശങ്ങളും വീടുകളും വെള്ളത്തിലായി. കടൽ തീരത്ത് സൂക്ഷിച്ചിട്ടുള്ള മത്സ്യ ബന്ധനയാനങ്ങളും എൻജിനും വലയും ഉൾപ്പെടെ എല്ലാ സാമഗ്രികളും കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് അടിയന്തിരമായി മാറ്റി വെക്കേണ്ടതാണെന്ന ഫിഷറീസ് ജില്ലാ ഓഫീസിൽ നിന്നുള്ള നിർദേശമനുസരിച്ച് നേരത്തെ മാറ്റിയിരുന്നു. ദുരന്തനിവാരണ മുന്നറിയിപ്പിന്റെ ഭാഗമായി കടലോര ജാഗ്രതാ സമിതിയുടെയും രക്ഷാപ്രവർത്തകരുടെയും സന്നദ്ധ സംഘടനയുടെയും അടിയന്തിര യോഗം അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ചേർന്നു. എറിയാട് പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ, തഹസിൽദാർ കെ.രേവ, ഡെപ്യൂട്ടി തഹസിൽദാർ ബാലചന്ദ്രൻ, ഫിഷറീസ് വകുപ്പ് എസ് ഐ. അൻസിൽ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻറ് എ. പി ആദർശ്, കടലോര ജാഗ്രതാ സമിതി പ്രവർത്തകർ റെസ്‌ക്യൂ ടീം, തീരദേശ പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് അടിയന്തര യോഗം ചേർന്നത്.

ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ തീരദേശ മേഖലയിലും കടപ്പുറം മേഖലയിലും കടൽക്ഷോഭം രൂക്ഷമാണ്. മൂസാറോഡിലും അഞ്ചങ്ങാടി വളവിലും കടൽവെള്ളം റോഡ് കവിഞ്ഞൊഴുകി. വ്യാഴായ്ച രാവിലെ നേരിയ തോതിൽ ആരംഭിച്ച കടൽക്ഷോഭം ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് അഴിമുഖം, ആശുപത്രിപ്പടി, നോളീറോഡ്, തൊട്ടാപ്പ് മേഖലകളിലും വെള്ളം കയറി നിരവധി വീടുകൾ വെള്ളത്തിലായി. തിരമാലകൾ ഒന്നിനു പിറകെ ഒന്നായി ആഞ്ഞടിച്ചതോടെ കരിങ്കൽ ഭിത്തി തകർന്നു ഭാഗങ്ങളിലൂടെ വെള്ളം ഇരച്ചുകയറി. ജിയോ ബാഗ് സ്ഥാപിച്ച മേഖലകളിലും കടൽക്ഷോഭം ശക്തമാണ്. പലയിടത്തും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. പോലീസ് മുന്നറിയിപ്പിനെ തുടർന്ന് ആരും മത്സ്യബന്ധനത്തിന് പോയിട്ടില്ല.

കാട്ടൂർ പഞ്ചായത്തിൽ ഹിക്രിമു നഗർ പുത്തൂർ പുള്ളിക്കൻ വീട്ടീൽ വർഗ്ഗീസിന്റെ വീടിനോട് ചേർന്നുള്ള കിണർ വ്യാഴായ്ച പുലർച്ചെ ഉണ്ടായ ശക്തമായ മഴയിൽ ഇടിഞ്ഞു. 50 വർഷത്തോളം പഴക്കവും 14 കോൽ താഴ്ച്ചയുമുള്ള കിണറാണ് ഇടിഞ്ഞത്. കിണറിനോട് ചേർന്നുള്ള മോട്ടോർ ഷെഡും മോട്ടോറും കിണറ്റിലേക്ക് താഴ്ന്ന് പോയിട്ടുണ്ട്. ഇതിനിടയിൽ ബുധനാഴ്ച ചാവക്കാട് ചേറ്റുവ ഹാർബറിൽ നിന്നും ആഴക്കടൽ മത്സ്യ ബന്ധനത്തിന് പോയി കാണാതായ ഒരു വെള്ളം തകർന്ന നിലയിൽ കണ്ടെത്തി. ഒരാളെ കാണാനില്ല. ആറുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. അഞ്ചുപേരെ മറ്റു മൽസ്യ തൊഴിലാളികൾ രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡിനെ ഏൽപിച്ചു. ‘സാമുവേൽ’ എന്ന വള്ളമാണ് തകർന്നത്. പൊന്നാനി ആഴക്കടലിന് എട്ട് നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു സംഭവം.

എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ പി ആദർശ്, റവന്യൂ ഉദ്യോഗസ്ഥർ, തീരദേശ പൊലീസ്, ജനപ്രതിനിധികൾ എന്നിവർ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങളേർപ്പെടുത്താൻ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും പൊലീസും രംഗത്തുണ്ട്.

ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ തീരപ്രദേശമായ 13, 11 വാർഡുകളിൽ രൂക്ഷമായ കടലേറ്റമാണ്. ന്യൂനമർദവും രണ്ടുദിവസമായി തുടരുന്ന മഴയും മൂലം കടൽ പ്രക്ഷുബ്ധമായി ഉയർന്നുനിൽക്കുകയാണ്. വർഷക്കാലത്തും വേലിയേറ്റസമയങ്ങളിലും പതിവായി കടലാക്രമണം നേരിടുന്ന ചേറ്റുവ, അഴിമുഖം, കടപ്പുറം പ്രദേശങ്ങളിലെ ജനങ്ങൾ ആശങ്കയിലാണ്. പ്രദേശത്തെ നൂറിലധികംവരുന്ന ആളുകളെ മാറ്റിപാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ആരംഭിച്ചതായി ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്പി എൻ ജ്യോതിലാൽ അറിയിച്ചു. കടലേറ്റം ശക്തമായി തുടർന്നാൽ രാത്രിയോടെ ഇവരെ വിവിധ സ്‌കൂളുകളിലായി മാറ്റിപാർപ്പിക്കും.

NO COMMENTS