കാബൂളില്‍ ഇരട്ട സ്ഫോടനം; 24 മരണം

223

കാബൂള്‍ • അഫ്ഗാന്‍ തലസ്ഥാനത്ത് പ്രതിരോധമന്ത്രാലയത്തിനു സമീപത്തായി താലിബാന്‍ ഭീകരര്‍ നടത്തിയ ഇരട്ട സ്ഫോടനങ്ങളില്‍ 24 മരണം. ഇന്നലെ ഉച്ചകഴിഞ്ഞ് സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്ന തിരക്കുള്ള സമയത്താണ് രണ്ട് ചാവേറുകള്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പൊട്ടിത്തെറിച്ചത്. 91 പേര്‍ക്കു പരുക്കുണ്ട്.
പ്രതിരോധമന്ത്രാലയത്തിനു സമീപമുള്ള പാലത്തിലായിരുന്നു ഒന്നാമത്തെ സ്ഫോടനം. രക്ഷാപ്രവര്‍ത്തനത്തിനായി സൈനികരും പൊലീസുദ്യോഗസ്ഥരും മറ്റും ഓടിക്കൂടിയപ്പോള്‍ രണ്ടാമത്തെ ചാവേറും സ്ഫോടനം നടത്തി. അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി ആക്രമണത്തെ ശക്തമായി അപലപിച്ചു. അഫ്ഗാന്‍ സേനയുമായുള്ള പോരാട്ടത്തില്‍ താലിബാന്‍ തിരിച്ചടി നേരിടുന്നതിന്റെ സൂചനയാണ് അവര്‍ പൊതുസ്ഥലങ്ങളില്‍ സ്ഫോടനം നടത്തുന്നതെന്ന് ഗാനി ആരോപിച്ചു.

പ്രതിരോധമന്ത്രാലത്തെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണു സ്ഫോടനങ്ങള്‍ നടത്തിയതെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുദാഹിദ് ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരാഴ്ച മുന്‍പായിരുന്നു കാബൂളിലെ അമേരിക്കന്‍ യൂണിവേഴ്സ്റ്റിയില്‍ ഭീകരര്‍ ഇരച്ചുകയറി 16 പേരെ വധിച്ചത്. ഭീകരരുമായി പത്തു മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് യൂണിവേഴ്സിറ്റി കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തെത്തിക്കാന്‍ അഫ്ഗാന്‍ സേനയ്ക്കു കഴിഞ്ഞത്.

NO COMMENTS

LEAVE A REPLY