അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലുമെന്ന് മന്ത്രി കെ.ടി. ജലീല്‍

187

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ അക്രമം തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുകതന്നെ ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഇതുസംബന്ധിച്ച നടപടികള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും.
മൃഗസ്നേഹികളെന്നും പ്രകൃതി സ്നേഹികളെന്നും അവകാശപ്പെട്ട് ഇറങ്ങുന്നവര്‍ യഥാര്‍ഥ മൃഗസ്നേഹികള്‍ അല്ലെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
മൃഗസ്നേഹികളെന്ന് അവകാശപ്പെടുന്നവരുടെ ലക്ഷ്യം സമൂഹത്തിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയുമല്ലെന്ന് അവര്‍ നടത്തുന്ന പ്രസ്താവനകളില്‍നിന്ന് വ്യക്തമാണെന്ന് മന്ത്രി ആരോപിച്ചു.

മനുഷ്യരുടെ ജീവനാണ് ഏറ്റവും പ്രധാനം. അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും യാതൊരു വിട്ടുവീഴ്ചയും വരുത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കുന്നുണ്ട്. എന്നാല്‍ വന്ധ്യംകരണം ഫലപ്രദമല്ലെന്നാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം വ്യക്തമാക്കുന്നത്. നായക്കളെ കൊല്ലുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന സ്ഥിതിയിലെത്തിയെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.