സംസ്ഥാനത്ത് തെരുവുനായകള്‍ക്കായി പാര്‍ക്ക് പരിഗണനയില്‍ : കെ.ടി. ജലീല്‍

184

തിരുവനന്തപുരം:സംസ്ഥാനത്തെ തെരുവുനായകളെ പ്രത്യേക നായപാര്‍ക്കുകളിലേക്കു മാറ്റുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണെന്ന് മന്ത്രി കെ.ടി. ജലീല്‍ നിയമസഭയില്‍ അറിയിച്ചു. വനം വകുപ്പുമായി ചേര്‍ന്ന് ഇതിനാവശ്യമായ സംവിധാനം ഒരുക്കും.മാലിന്യം ഭക്ഷിക്കുന്നതാണ് തെരുവു നായകള്‍ വര്‍ധിക്കാനുള്ള ഒരു കാരണം. ഈ സാഹചര്യത്തില്‍ 895 പഞ്ചായത്തുകളിലും നഗരസഭകളിലും മാലിന്യസംസ്കരണ നടപടികള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയ 77 പേര്‍ക്കെതിരേ കേസസെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജു ഏബ്രഹാമിന്‍റെ ഉപക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സെപ്റ്റംബര്‍ ഒന്നു മുതല്‍ തെരുവുനായ നിയന്ത്രണത്തിനു തദ്ദേശ സ്ഥാപനങ്ങള്‍ നടപടി തടുങ്ങിയിട്ടുണ്ട്.14,000 ലേറെ നായകളെ വന്ധ്യംകരിച്ചു. വന്ധ്യംകരിക്കുന്ന നായകള്‍ പിന്നീട് ആക്രമണോത്സുകത കാണിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പോലീസ് സേനയില്‍ 2017 വരെയുള്ള പ്രതീക്ഷിത ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കെ.എ.പിയില്‍ 290, കെ.എ.പി മൂന്നില്‍ എന്‍.ജെ.ഡി അടക്കം 340, കെ.എ.പി. നാലില്‍ 163 അഡൈ്വസ് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഉടന്‍ നിയമന ഉത്തരവ് നല്‍കുമെന്നും എ.എന്‍. ഷംസീറിന്‍റെ ഉപക്ഷേപത്തിന് മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യമില്ല. ചില കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംവരണം ഉറപ്പു വരുത്താന്‍ നിയമന സാധ്യതയുള്ളതിനെക്കാള്‍ ഏറെ പേരെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇതിന് ആനുപാതികമായ ഒഴിവുണ്ടാകുന്നില്ല. ഇവരെല്ലാം നിയമനം പ്രതീക്ഷിക്കുകയും ചെയ്യുന്നു. പി.എസ്.സി ചെയര്‍മാന്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ പെട്ടന്ന് മാറ്റം വരുത്താനാവില്ല. പിന്നീട് ഇതിന് പരിഹാരമുണ്ടാക്കും.-മുഖ്യമന്ത്രി പറഞ്ഞു. സാക്ഷരതാ പ്രേരക്മാരുടെ വേതനം വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് കെ.ഡി. പ്രസേനനെ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. നെന്മാറ മണ്ഡലത്തില്‍ വിദ്യാഭ്യാസ വകുപ്പും പട്ടിക വിഭാഗ വകുപ്പും ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുമെന്ന് കെ. ബാബുവിന് മന്ത്രി മറുപടി നല്‍കി. തൃശൂര്‍ ജില്ലയിലെ കോള്‍ നിലങ്ങളില്‍ ചണ്ടിയും കുളവാഴയും നീക്കം ചെയ്ത് കൃഷി ആരംഭിക്കാന്‍ നാലുകോടി രൂപ വേണമെന്നും ആവശ്യമായ തുക കണ്ടത്തൊന്‍ നടപടി എടുക്കുമെന്നും മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. രണ്ടര കോടി രൂപയാണ് നിലവില്‍ ഇതിനായി അനുവദിച്ചത്. അതില്‍ 84 ലക്ഷം പഴയ കുടിശിക അനുവദിച്ചതിനാല്‍ ഇനി 1.64 കോടി രൂപയേ ബാക്കിയുള്ളൂവെന്നും മുരളി പെരുനെല്ലിക്ക് മന്ത്രി മറുപടി നല്‍കി.
മാവൂരില്‍ പുതിയ പ്രാഥമികാരോഗ്യ കേന്ദ്രം അനുവദിക്കാനാകില്ലെന്നും മെഡിക്കല്‍ കോളജിന്‍റെ ഗ്രാമീണ കേന്ദ്രം എന്ന നിലയില്‍ നിലവിലെ ആശുപത്രി മെച്ചപ്പെടുത്തുമെന്നും പി.ടി.എ റഹിമിന് മന്ത്രി കെ.കെ. ശൈലജ ഉറപ്പുനല്‍കി. തദ്ദേശ വകുപ്പിന് ഇടപെടാന്‍ കഴിയാത്ത തടസം നീക്കുന്നത് ആലോചിക്കും.