തമിഴ്നാട്ടിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ റദ്ദാക്കി

216

തിരുവനന്തപുരം • ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കേരളത്തിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഇതേത്തുടര്‍ന്നു ശബരിമലയില്‍ നിരീക്ഷണം ശക്തമാക്കി. സന്നിധാനത്തെ ആഴിക്കുചുറ്റം വടംകെട്ടി. ശബരിമലയിലേക്ക് നിരവധി തമിഴ്നാട്ടുകാര്‍ വരുന്നതിനാലാണ് ഇത്തരമൊരു നീക്കം. കേരളത്തില്‍ നിന്നു തമിഴ്നാട്ടിലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസുകള്‍ വഴിതിരിച്ചുവിട്ടു. പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കേരള – തമിഴ്നാട് അതിര്‍ത്തിയായ മലപ്പുറത്ത് നാടുകാണിയിലും പൊലീസ് സുരക്ഷയൊരുക്കുന്നു. ദേവാല, ഗൂഡല്ലുര്‍ സ്റ്റേഷനുകളില്‍നിന്നായി അന്‍പതോളം പൊലീസുകാരടങ്ങുന്ന സംഘമാണ് ഇവിടെയെത്തിയത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ല. അനിഷ്ട സംഭവങ്ങള്‍ വല്ലതും ഉണ്ടാവുമോയെന്ന ആശങ്കയെ തുടര്‍ന്നു കേരളത്തില്‍നിന്നു ചരക്കു വാഹനങ്ങളൊന്നും തമിഴ്നാട്ടിലേക്കു പോകുന്നില്ല.
അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ കര്‍ണാടകയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലേക്കു പോയ കര്‍ണാടക ബസുകളും തിരിച്ചുവിളിച്ചു. ഞായറാഴ്ച വൈകിട്ടാണ് ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് ജയ ഇപ്പോള്‍. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് അപ്പോളോ ആശുപത്രിയിലേക്ക് എത്തുന്നത്.

NO COMMENTS

LEAVE A REPLY