വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വ്യക്തിഹത്യ നടത്തുകയാണെന്നു കെ.എം. മാണി

217

പാലാ• വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വ്യക്തിഹത്യ നടത്തുകയാണെന്നു കെ.എം. മാണി എംഎല്‍എ. അത് എന്തു വിലകൊടുത്തും ചെറുക്കും. സത്യത്തിനു വേണ്ടി നിലകൊണ്ട തന്നെ കേസില്‍ കുടുക്കുന്നതിനു പിന്നില്‍ ദുരൂഹതയും ദുരുദ്ദേശവുമുണ്ടെന്നും മാണി പറഞ്ഞു. സ്വകാര്യ കോഴി ഫാം കമ്ബനിയുടെ നികുതി കുടിശിക എഴുതി തള്ളിയതും ആയുര്‍വേദ മരുന്നുകള്‍ക്കു നികുതി ഇളവും നല്‍കിയതും വഴി സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതിനെതിരെയാണ് കെ.എം. മാണി ശക്തമായി പ്രതികരിച്ചത്.

ഉദ്യോഗസ്ഥരെ കയറൂരി വിടുന്നത് ശരിയാണോയെന്ന് എല്‍ഡിഎഫ് ആലോചിക്കണം. ഇങ്ങനെ ഒരു ഉദ്യോഗസ്ഥനെ എന്തും ചെയ്യാനായി അഴിച്ചു വിടുന്നതിനെക്കുറിച്ചു സര്‍ക്കാരും രാഷ്ട്രീയകക്ഷികളും മുന്നണികളുമെല്ലാം ചിന്തിക്കണം.തീക്കോയിക്കാരനായ ഉദ്യോഗസ്ഥന്റെ വേട്ടയാടലുകള്‍ വരും ദിവസങ്ങളിലുമുണ്ടാകും. ചിലരുടെ ബന്ധുവായ ഇദ്ദേഹത്തിനു എത്ര വിചാരിച്ചാലും തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ കഴിയില്ല. 50 വര്‍ഷത്തെ സംശുദ്ധ രാഷ്ട്രീയ പാരമ്ബര്യമുള്ള തന്നെ പാലായിലെ ജനങ്ങള്‍ക്ക് അറിയാം. ഇത്തരം പേടിപ്പിക്കലുകളിലൊന്നും കുലുങ്ങുന്നവനല്ല ഞാന്‍. നിയമം നിയമത്തിന്റെ വഴിക്കു പോകും. ഞാനും ഒരു വക്കീലാണ്. മുന്‍പ് ഒരു അഴിമതിക്കേസില്‍ ജേക്കബ് തോമസിനെ താന്‍ ഉപദ്രവിച്ചുവെന്ന തോന്നലാണു തനിക്കെതിരെ തിരിയാന്‍ കാരണമെന്നും കെ.എം. മാണി പറഞ്ഞു.
സര്‍ക്കാര്‍ ശമ്ബളം പറ്റുന്ന ജേക്കബ് തോമസിനു തന്നോടു വിരോധമുണ്ടെന്നു കരുതി എന്തു തോന്ന്യാസവും ആകാമോ? അദ്ദേഹം അഴിമതി നടത്തിയെന്ന് റിപ്പോര്‍ട്ട് വന്നപ്പോള്‍ വിജിലന്‍സിനു കൈമാറിയിരുന്നു. ഫിനാന്‍സ് ഇന്‍സ്പെക്ഷന്‍ വിങ് കേസ് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കുക മാത്രമാണു ചെയ്തത്. ഞാന്‍ കൂട്ടിലടക്കപ്പെട്ട തത്തയല്ല. കാണിച്ചു തരാം എന്നല്ലേ വിജിലന്‍സ് ഡയറക്ടര്‍ പറയുന്നത്. ഒരു ഉദ്യോഗസ്ഥനെ പേടിച്ചു ജീവിക്കാന്‍ കഴിയില്ല. ഇനിയും പരീക്ഷണങ്ങള്‍ വരും.
30ന് വൈകിട്ട് തന്നെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. 24 മണിക്കൂറിനകം തനിക്കെതിരെ വിജിലന്‍സ് എഫ്െഎആര്‍ എടുത്തിരിക്കുന്നുവെന്നു മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. വാദിയെ പ്രതിയാക്കുന്ന നടപടിയാണിത്. തോംസണ്‍ ഗ്രൂപ്പിന്റെ നികുതി വെട്ടിപ്പു നടന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. യുഡിഎഫ് സര്‍ക്കാര്‍ ഇതു കണ്ടു പിടിച്ചു. 32 കോടി രൂപയുടെ വെട്ടിപ്പാണു നടന്നത്. പിഴ ഉള്‍പ്പെടെ 64 കോടി അടയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിടുകയാണു ചെയ്തത്. അവരെ സഹായിക്കുന്ന യാതൊരു നടപടിയും ഞാന്‍ സ്വീകരിച്ചിട്ടില്ല.
തോംസണ്‍ ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അപ്പലെറ്റ് കമ്മറ്റിക്കു പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മറ്റു വിധികള്‍ക്കു കാത്തു നില്‍ക്കാതെ നടപടി സ്വീകരിക്കുകയും റവന്യൂ റിക്കവറിക്ക് റവന്യൂ മന്ത്രിക്കു വിഷയം കൈമാറുകയും ചെയ്തു. തുടര്‍ന്ന് 30 ശതമാനം തുക കെട്ടിവയ്ക്കാന്‍ ഉത്തരവായി. ഇതിനിടെ ഒരു കോടി രൂപ കെട്ടിവച്ച ശേഷം തോംസണ്‍ ഗ്രൂപ്പ് സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെ ഫൈനല്‍ അപ്പലെറ്റ് അതോറിറ്റി പുനഃപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചെങ്കിലും 64 കോടി രൂപയും അടയ്ക്കാനാണു താന്‍ നടപടി സ്വീകരിച്ചത്. സര്‍ക്കാര്‍ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കാന്‍ വിജിലന്‍സ് ശ്രമിക്കുന്നതെന്നും കെ.എം. മാണി പറഞ്ഞു.

NO COMMENTS

LEAVE A REPLY