കേരള കോൺഗ്രസ് ഒറ്റയ്ക്കു നിൽക്കാൻ കെല്‍പ്പുള്ള പാർട്ടിയാണ് : കെ.എം.മാണി

248

കോട്ടയം∙ കേരള കോൺഗ്രസ് ഒറ്റയ്ക്കു നിൽക്കാൻ കെൽപുള്ള പാർട്ടിയാണെന്ന് കെ.എം.മാണി. കേരള കോൺഗ്രസ് എന്നു കേൾക്കുമ്പോൾ സിപിഐ എന്തിനു വിറളിപിടിക്കുന്നുവെന്ന് അറിയില്ല. കേരള കോൺഗ്രസ് ഒരിടത്തേക്കുമില്ല. പാർലമെന്റ് സീറ്റു വിറ്റവരുടെ സ്വഭാവം ഞങ്ങള്‍ക്കില്ല. പാലായിലെ വീട്ടിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എഴുതാപ്പുറം വായിക്കുകയാണ്. കേരള കോൺഗ്രസിനു സ്വതന്ത്ര നിലപാടാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾക്കു കിട്ടിയ സീറ്റ് വിൽപ്പന ചരക്കാക്കിയ സിപിഐയെപ്പോലുള്ള കളങ്കിത രാഷ്ട്രീയകക്ഷികൾ സാരോപദേശം തരേണ്ട കാര്യമില്ലെന്നും മാണി വ്യക്തമാക്കി. മുന്നണിയിൽ ചേർക്കാൻ ആരുടെയും പിന്നാലെ നടക്കില്ലെന്ന് പാർട്ടി നേതാവ് ജോയ് ഏബ്രഹാമും ഇന്നലെ പറഞ്ഞിരുന്നു. കെ.എം.മാണിയേയും കേരള കോൺഗ്രസിനെയും മുന്നണിയിലെടുക്കില്ലെന്ന നിലപാടിലാണ് സിപിഐ. പ്രശ്നാധിഷ്‌ഠിത പിന്തുണ ആകാമെന്ന സിപിഎമ്മിന്റെയും ദേശാഭിമാനിയുടേയും നിലപാട് സിപിഐ എക്സിക്യൂട്ടീവ് തള്ളിക്കളയുകയും ചെയ്തിരുന്നു. അതേസമയം, കെ.എം മാണിയോട് മൃദുസ്വരവുമായി സിപിഎം നേരത്തെ രംഗത്തു വന്നിരുന്നു. കെ.എം മാണിയുമായി പ്രശ്നാധിഷ്ഠിത സഹകരണം ആകാമെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്.

NO COMMENTS

LEAVE A REPLY