കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് മുന്‍കൈയെടുക്കണമെന്ന് കെ.എം മാണി

168

തിരുവനന്തപുരം: കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് മുന്‍കൈയെടുക്കണമെന്ന് കെ.എം മാണി. അങ്ങനെയെങ്കില്‍ സര്‍ക്കാരിനെ പിന്‍തുണയ്ക്കുമെന്നും നല്ലത് ചെയ്താല്‍ നല്ലത് പറയുന്ന പാര്‍ട്ടിയാണ് കേരളകോണ്‍ഗ്രസ് (എം) എന്നും മാണി പറഞ്ഞു.മലയോര മേഖലയിലെ കര്‍ശഷകര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബര്‍ വിലസ്ഥിരതാ പദ്ധതി നിലച്ചുവെന്നും പ്രശ്നം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ എം മാണി ആവശ്യപ്പെട്ടു.റബ്ബര്‍ വിലയിടിവിന് കാരണം കേന്ദ്രസര്‍ക്കാരാണെന്നും മാണി ആരോപിച്ചു. റബ്ബര്‍ അടക്കമുള്ള നാണ്യവിളകളുടെ വിലയിടിവും കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ചചെയ്യണമെന്നായിരുന്നു കെ.എം മാണിയുടെ ആവശ്യം. യുഡി എഫില്‍ നിന്നും മാറി പ്രത്യേക ബ്ലോക്കായി ഇരുന്ന ശേഷം ആദ്യമായിട്ടാണ് കേരളകോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുന്നത്.
റബ്ബര്‍ വിലസ്ഥിരതാ ഫണ്ട് പദ്ധതി നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മറുപടി നല്‍കി. 500 കോടി രുപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. റോഡ് നിര്‍മ്മാണത്തിനടക്കം റബ്ബര്‍ ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. റബ്ബര്‍ വിലയിടിവിന് കാരണം ലോകവ്യാപാര സഘടനയുമായുള്ള കരാറുകളാണെന്നും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളും റബ്ബര്‍ വിലയിടിവിന് കാരണമാണെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY