ബാര്‍ കോഴക്കേസ് ഇന്ന് വീണ്ടും വിജിലന്‍സ് കോടതിയില്‍

165

കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസ് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളണമെന്ന വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ എതിര്‍വാദങ്ങള്‍ ഇന്ന് തുടങ്ങും. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച മാണിയോടുള്ള സര്‍ക്കാര്‍ നിലാപാട് കേസില്‍ നിര്‍ണായകമാകും.
മാണിക്കെതിരെ പരാതിക്കാര്‍ പുതിയ തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ തുടരന്വേഷണത്തിന് തടസ്സമില്ലെന്നാണ് കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോഴുള്ള വിജിലന്‍സ് നിലപാട്. തുടരന്വേഷണത്തില്‍ അപാകയുണ്ടെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചുള്ള നിയമോപദേശവും. പക്ഷെ ഭരണമാറ്റത്തിന് ശേഷം പൊടുന്നനെ കോടതിയില്‍ ഒരു നിലപാട് മാറ്റത്തിന് വിജിലന്‍സ് തയ്യാറായിട്ടില്ല. എതി‍ര്‍ കക്ഷിക്കാരുടെ നിലപാട് അറിഞ്ഞുമാത്രമായിരിക്കും പുതിയ സാഹചര്യത്തില്‍ വിജിലന്‍സിന്റെ നീക്കം. വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ 12 പേരാണ് എതിര്‍ ഹര്‍ജിക്കാര്‍. റിപ്പോര്‍ട്ട് തള്ളണമെന്ന വാദത്തിന്മേല്‍, കെ.എം.മാണി യുഡിഎഫ് വിട്ട സാഹചര്യത്തില്‍ വിജിലന്‍സിന്റെ മറുപടി നിര്‍ണായകമായിരിക്കും.
മാണിയെ കുറ്റവിമുക്തനാക്കിയ ആദ്യ റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം നടത്തേണ്ട കാര്യങ്ങള്‍ അക്കമിട്ട് പറഞ്ഞിരുന്നു. സാക്ഷികളുടെ മൊബൈല്‍ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ബാറടമകള്‍ കെ.എം മാണിയുടെ ഔദ്യോഗിക വസതിയിലും പാലയിലെ വീട്ടിലും പണം എത്തിച്ചുവെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് ഹാജരാക്കി ബാറുടമകളുടെ ശബ്ദരേഖയുടെ സി.ഡി വിജിലന്‍സ് പരിശോധിച്ചില്ല. എഡിറ്റ് ചെയ്ത സി.ഡി തെളിവായി സ്വീകരിക്കേണ്ട നിലപാട് തെറ്റായിരുന്നുവെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ള നിയമോപദേശം. യോഗത്തില്‍ വച്ച് ബാര്‍കേസ് അട്ടിമാറിക്കാനായി മൊഴി നല്‍കാന്‍ ബാറുടമകള്‍ തീരുമാനിക്കുന്നുണ്ട്. അതിനാല്‍ കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയ്ക്കുള്ള തെളിവായി ശബ്ദരേഖ പരിഗണിച്ച്, തുടരന്വേഷണം വേണമെന്നായിരുന്നു നിയമോപദേശം. ഇക്കാര്യം ഹ‍ര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

NO COMMENTS

LEAVE A REPLY