കോഴിഫാം ഡീലര്‍മാര്‍ക്കു നികുതിയിളവ് അനുവദിച്ച കേസില്‍ മാണിക്കെതിരെ തെളിവുമായി വിജിലന്‍സ് ഹൈക്കോടതയില്‍

188

കൊച്ചി • കോഴിഫാം ഡീലര്‍മാര്‍ക്കു നികുതിയിളവ് അനുവദിച്ച കേസില്‍ മാണിക്കെതിരെ തെളിവുമായി വിജിലന്‍സ് ഹൈക്കോടതയില്‍. ചട്ടവിരുദ്ധമായി നികുതിയിളവ് നല്‍കാന്‍ മാണി നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ വിജിലന്‍സ് കോടതിക്കു മുന്‍പില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലവും വിജിലന്‍സ് നല്‍കി.വിജിലന്‍സ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയത്. തൃശൂരിലെ കോഴി മൊത്തവ്യാപാരികളായ തോംസണ്‍ ഗ്രൂപ്പിന് വഴിവിട്ട് നികുതി ഇളവു നല്‍കിയെന്നാണ് ആരോപണം. 62 കോടി രൂപയുടെ നികുതി പിരിവ് മാണി സ്റ്റേ ചെയ്തു നല്‍കി.അഞ്ചുകോടിക്കു മുകളില്‍ സ്റ്റേ നല്‍കാന്‍ മുഖ്യമന്ത്രിക്ക് മാത്രം അധികാരമുള്ളപ്പോഴാണ് മാണിയുടെ ഇടപെടല്‍. ഇക്കാര്യം രേഖപ്പെടുത്തിയ ഫയല്‍ വിജിലന്‍സ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതിന്റെ പകര്‍പ്പും സത്യവാങ്മൂലത്തോടൊപ്പം ഹൈക്കോടതിക്ക് കൈമാറി.
കോഴിഫാം ഡീലര്‍മാര്‍ക്കു നികുതിയിളവ് അനുവദിച്ചും ആയുര്‍വേദ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചും സര്‍ക്കാരിന് 200 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് മാണിക്കെതിരെയുള്ള വിജിലന്‍സ് കേസ്. ബിജെപി നേതാവ് നോബിള്‍ മാത്യു നല്‍കിയ പരാതിയില്‍ ദ്രുതപരിശോധനയെ തുടര്‍ന്നാണു മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

NO COMMENTS

LEAVE A REPLY