നല്ല അച്ഛന് ജനിച്ചുവെന്ന അഹങ്കാരം എന്നും ഉണ്ടാകും : ഷിബു ബേബി ജോണ്‍

244

അതിരപ്പിള്ളി ∙ താന്‍ അഹങ്കാരിയാണെന്ന ഗണേഷ്കുമാർ എംഎൽഎയുടെ ആരോപണം ശരിയാണെന്ന് മുൻമന്ത്രി ഷിബു ബേബി ജോണ്‍. നല്ല അച്ഛന് ജനിച്ചുവെന്ന അഹങ്കാരം എന്നും ഉണ്ടാകും. യാതൊരു സംശയവും ഇല്ല. എനിക്ക് ലജ്ജിക്കേണ്ട കാര്യമില്ല. അഴിമതിക്ക് ശിക്ഷിക്കപ്പെട്ട് എന്റെ അച്ഛൻ ജയിലിൽ കിടന്നിട്ടില്ല. സ്വാതന്ത്ര്യസമരപോരാട്ടത്തിന് വേണ്ടി ജയിലിൽ കിടന്നിട്ടുണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരില്‍ ടീം സോളറിനെ സഹായിച്ചത് ഗണേഷ്കുമാര്‍ മാത്രമാണെന്നും ഷിബു അതിരപ്പിള്ളിയില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് തന്നെ തോൽപ്പിക്കാൻ ഷിബു പണമിറക്കിയെന്ന് ഗണേഷ് കുമാർ ഇന്നലെ ആരോപിച്ചിരുന്നു. ഷിബു ബേബി ജോണിനു തന്നോടു വ്യക്തിവിരോധമുണ്ട്. അഹങ്കാരവും അഴിമതിയുമാണ് ചവറയിലെ പരാജയത്തിനു കാരണം. ഷിബു വഞ്ചകനാണ്. ഷിബുവിനെതിരെ സരിതയെ കൊണ്ട് ആരോപണം ഉന്നയിച്ചെന്ന വാദം ശരിയല്ല. ചവറയിൽ ഷിബുവിനെതിരെ വിജയൻ പിള്ളയെ സ്ഥാനാർഥിയാക്കിയത് താനാണെന്ന ധാരണയിലാകാം ഇങ്ങനെ മൊഴി നൽകിയതെന്നും ഗണേഷ് കുമാർ ഇന്നലെ പറ‍ഞ്ഞിരുന്നു.

സോളര്‍ കേസിലേക്കു തന്നെ വലിച്ചിഴക്കാന്‍ സരിതയെ പ്രേരിപ്പിച്ചത് കെ.ബി.ഗണേഷ്കുമാറാണെന്ന് ഷിബു ബേബി ജോണ്‍ നേരത്തെ സോളര്‍ കമ്മിഷനിൽ മൊഴി നൽകിയിരുന്നു.


courtsy: manorama online