ജെഎൻയുവിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതിഷേധം ശക്തം

334

ന്യൂഡല്‍ഹി: ജെഎൻയുവിൽ ഗവേഷണ വിദ്യാർത്ഥിനിയെ ഐസ നേതാവ് പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഐസ നേതാവിന് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്.
ഗവേഷ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ വച്ചാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ എബിവിപിയുടേയും എസ്എഫ്ഐയുടേയും എൻഎസ്യുവിന്റേയും നേതൃത്വത്തിൽ ക്യാമ്പസ്സിനുള്ളിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ സർവ്വകലാശാലക്ക് അപമാനമാണെന്നും പ്രതിയെ ഉടൻ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ ഈ സംഭവം ഉയർത്തിക്കാട്ടി ജെഎൻയുവിനെ മുഴുവൻ അപകീർത്തിപ്പെടുത്താനാണ് എബിവിപി ശ്രമിക്കുന്നതെന്ന് എൻഎസ്‍യു പ്രതികരിച്ചു..
സംഭവത്തിൽ ആരോപണവിധേയനായ ഐസയുടെ മുൻ ദില്ലി ഘടകം പ്രസിഡണ്ട് അൻമോൽ രത്തൻ ഇപ്പോൾ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് തുടരുന്നുണ്ട്. പീഡിപ്പിക്കപ്പെട്ട യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്താൻ പൊലീസ് തയ്യാറായെങ്കിലും യുവതി അസൗകര്യമറിയിച്ചതിനാൽ അത് നീട്ടിവച്ചിരിക്കുകയാണ്. സർവ്വകലാശാല അധികൃതരും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.