ജിഷ്ണു പ്രണോയ്മാര്‍ ഇനി കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു

200

ദില്ലി: ജിഷ്ണു പ്രണോയ്മാര്‍ ഇനി കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് ജിഷ്ണു പ്രണോയിയുടെ അമ്മ കെ.പി. മഹിജ ഇക്കാര്യം പറയുന്നത്. കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ ഇടിമുറികള്‍ ഉണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആ കേസില്‍ കക്ഷിചേരാന്‍ നല്‍കിയ അപേക്ഷയിലാണ് ജിഷ്ണു പ്രണോയിമാര്‍ കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെടുന്നത്. കൃഷ്ണുദാസിന്റെ മുന്‍ ജാമ്യം റദ്ദാക്കണമെന്നും ഇക്കാര്യത്തില്‍ ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കാന്‍ അവസരം നല്‍കണമെന്നും അപേക്ഷയില്‍ പറയുന്നു. കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ ഇടിമുറികളുണ്ട്. പാമ്പാടി നെഹ്‌റു കോളേജിലെ ഇടിമുറിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോരപ്പാടുകള്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുകൊല്ലുന്ന തടവറകള്‍ കൂടിയാണ് ഇത്. ഗൗരവമായ ഈ വിഷയത്തില്‍ കോടതിയുടെ അടിയന്തിര ഇടപെടല്‍ അത്യാവശ്യമാണ്. ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലാണ് പലപ്പോഴും ഇവര്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി നിര്‍ത്തുന്നത്. ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നും അപേക്ഷയില്‍ പറയുന്നു. സര്‍ക്കാരിന്റെ ഹര്‍ജിക്കൊപ്പം ഈ അപേക്ഷയും വരുന്ന തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.

NO COMMENTS

LEAVE A REPLY