ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യണമെന്ന് മാതാപിതാക്കള്‍

227

വടകര: ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മാതാപിതാക്കള്‍. കേസ് അന്വേഷണത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് നീളുന്നതില്‍ ഗൂഢാലോചനയുണ്ട്. സാമ്ബത്തികമായി ഉന്നതരായതുകൊണ്ടാണ് നെഹ്റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാത്തത്. പ്രതികളെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. നടിയ്ക്കെതിരായുണ്ടായ അക്രമത്തിലെ പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടി. എന്നാല്‍ ഈ ജാഗ്രത ജിഷ്ണുവിന്റെ കൊലയാളികളെ പിടികൂടുന്നതില്‍ ഉണ്ടായില്ല. ജിഷ്ണു മരിച്ച്‌ 50 ദിവസം പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു. ജിഷ്ണുവിന് നീതി ലഭിക്കുന്നതിന് മുഖ്യമന്ത്രി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അന്വേഷണോദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കണം. ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കുമെന്ന പ്രഖ്യാപനമല്ലാതെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മറ്റു നടപടികളൊന്നും ഉണ്ടായില്ല. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടിലേക്ക് വന്നാല്‍ മതിയെന്നും ജിഷ്ണുവിന്റെ മാതാവ് മഹിജ ആവശ്യപ്പെട്ടു. കൃഷ്ണദാസിനെ ഉന്നതര്‍ സംരക്ഷിക്കുന്നുണ്ട്. അതു കൊണ്ടാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നതെന്നും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പോലീസ് നടപടികള്‍ സഹായിച്ചുവെന്നും അവര്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY