ജിഷയെ കൊന്നത് മുൻവൈരാഗ്യം മൂലം

245

തിരുവനന്തപുരം: പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയത് മുൻവൈരാഗ്യം മൂലമെന്ന് സൂചന. പ്രതി അസം സ്വദേശിയായ അമി ഉൽ ഇസ്‍ലാമിനെ ചോദ്യം ചെയ്തപ്പോഴാണ് നിർണായകമായി വിവരങ്ങൾ ലഭിച്ചത്. ഇയാൾ ഒറ്റയ്ക്കാണ് ജിഷയെ കൊലപ്പെടുത്തിയത്. അമി ഉല്ലിനെ ഒരിക്കൽ ജിഷ കളിയാക്കിയതാണ് കൊലപാതകം നടത്താൻ കാരണം.കുളിക്കടവിൽവച്ച് സ്ത്രീകളുമായി വാക്കേറ്റം ഉണ്ടായിരുന്നു. കുളിക്കടവിൽ ഇയാൾ കുളിക്കാൻ ഇറങ്ങിയതുമായി ബന്ധപ്പെട്ടാണ് വഴക്കുണ്ടായത്, ഇത് കണ്ട് ജിഷ ചിരിച്ചതാണ് അമി ഉല്ലിനെ പ്രകോപിപ്പിച്ചതും കൊലപാതകത്തിലേക്ക് നയിച്ചതും.

മദ്യലഹരിയിലാണ് ഇസ്‌ലാം ജിഷയെ കുത്തിയത്. ജിഷയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അതിനു സാധിച്ചില്ല. തുടർന്നാണ് ജനനേന്ദ്രിയം കുത്തിക്കീറിയത്. തടയാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ജിഷ കടിച്ചപ്പോൾ പ്രതി തിരിച്ചുകടിക്കുകയും ചെയ്തു. കുത്തേറ്റുവീണ ജിഷ വെള്ളം ചോദിച്ചപ്പോൾ ഇയാൾ മദ്യമാണ് കൊടുത്തത്. കൊലയ്ക്കുശേഷം കനാലിലൂടെയാണ് ഇയാൾ രക്ഷപെട്ടത്. ചെളിപുരണ്ടതിനെ തുടർന്ന് ചെരുപ്പ് ഉപേക്ഷിക്കുകയായിരുന്നു. പെരുമ്പാവൂർ വിട്ട ഇയാൾ നേരെ അസമിലേക്കാണ് പോയത്.

തമിഴ്നാട്ടിലെ തമിഴ്നാട്ടിലെ കാഞ്ചിപുരത്തെ ശിങ്കടിവാക്കത്തുനിന്നാണ് പ്രതി ആമി ഉൽ ഇസ്‌ലാമിനെ പിടികൂടിയത്. ഇവിടെ ഒരു കൊറിയൻ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. കൃത്യം നടത്തിയ ആമി ഉൽ സിം കാർഡ് ഉപേക്ഷിച്ചാണ് രക്ഷപെട്ടതും.

അന്വേഷണ സംഘത്തിനു വഴികാട്ടിയത് കൊലയാളിയുടെ ചെരുപ്പ്

chappel

ജിഷ വധക്കേസില്‍ നിര്‍ണായകമായത് കൊലയാളിയുടെ ചെരുപ്പാണ്. പൊലീസിനു ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തം കണ്ടെത്തിയിരുന്നു. മാത്രമല്ല, പെരുമ്പാവൂരിൽ ഇത്തരം ചെരുപ്പ് കൂടുതലായും ഇതരസംസ്ഥാന തൊഴിലാളികളാണ് ഉപയോഗിക്കുന്നതെന്ന വിവരവും പൊലീസിനു ലഭിച്ചു. കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബർ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായി. മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ സുഹൃത്തുക്കളെ ചോദ്യംചെയ്തിരുന്നു. ഇവര്‍ നല്‍കിയ സൂചനകളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

ജിഷയുടെ വീടിന്റെ പരിസരത്തു നിന്നു ലഭിച്ച ചെരുപ്പിൽ ജിഷയുടെ രക്തകോശങ്ങൾ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിൽ ഏപ്രിൽ 28നു കൊലപാതകം നടക്കുമ്പോൾ കൊലയാളി ധരിച്ചിരുന്ന ചെരുപ്പുകൾ ഇതു തന്നെയാണെന്നു സ്ഥിരീകരിക്കുന്ന രീതിയിൽ ഫലം ലഭിച്ചു. കൊലയാളിയിലേക്കുള്ള പൊലീസിന്റെ അന്വേഷണം ഇതോടെ ഈ ചെരുപ്പിന്റെ ഉടമയിലേക്കു മാത്രമായി കേന്ദ്രീകരിച്ചു.

ജിഷയുടെ വീടിന്റെ പരിസരത്തു കണ്ടെത്തിയ ചെരുപ്പുകൾ ആ ദിവസങ്ങളിൽ തന്നെ സമീപവാസികൾക്കു തിരിച്ചറിയാനായി പ്രദർശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചെരുപ്പിൽ സിമന്റ് പറ്റിയിരുന്നതിനാൽ ആ ദിവസങ്ങളിൽ നിർമാണമേഖലയിൽ കടന്നിട്ടുള്ളയാളാണു കൊലയാളിയെന്നു വ്യക്തമായിരുന്നു. കൊല നടന്നതിനു മുൻപുള്ള ദിവസങ്ങളിൽ സമീപത്തെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് ഇത്തരം കറുത്ത റബ്ബർ ചെരുപ്പുകൾ മോഷണം പോയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു.

കൊലയാളിയുടെ രക്തം വീടിന്റെ വാതിൽ കൊളുത്തിൽ പുരണ്ടതും ജിഷയുടെ വസ്ത്രത്തിൽ ഉമിനീർ കണ്ടെത്തിയതും നഖത്തിൽ കൊലയാളിയുടെ ചർമ കോശങ്ങൾ കണ്ടെത്തിയതും പ്രതിയിലേക്കു നയിച്ചു.