ജിഷ വധം : ജിഷയുടെ അച്ഛന്‍ പാപ്പു നല്‍കിയ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളി

237

കൊച്ചി: ജിഷ കേസില്‍ തുടരന്വേഷണം ഇല്ല.കേസില്‍ തുടരന്വേഷണംആവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പു നല്‍കിയ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളി.പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി യെ സമീപിക്കുമെന്നും പാപ്പു അറിയിച്ചു. ജിഷ കേസിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ആരോപിച്ചാണ് പാപ്പു തുടരന്വേഷണം ആവശ്യപ്പെട്ടത്.പാപ്പുവിന്റെ ഹര്‍ജിയിലെ ആരോപണങ്ങള്‍ പോലീസ് നേരത്തെ അന്വേഷിച്ച്‌ വ്യക്തത വരുത്തിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.പ്രതി അമീറിനെതിരെ കുറ്റം ചുമത്തി വിചാരണ നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഈ ഘട്ടത്തില്‍ തുടരന്വേഷണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സെഷന്‍സ് കോടതി അറിയിച്ചു. തുടരന്വേഷണത്തിന് ഉത്തരവിട്ടാല്‍ കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടിവരും.പോലീസ് ആവശ്യപ്പെട്ടാല്‍ മാത്രമെ തുടരന്വേഷണം പരിഗണിക്കാന്‍ കഴിയൂ. മൂന്നാം കക്ഷിക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിഷയുടെ അച്ഛന്‍ പാപ്പു പറഞ്ഞു. ജിഷ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാന്‍ ആക്ഷന്‍ കൗണ്‍സിലും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ പ്രതി അമീറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ഈ മാസം 18 ലേക്ക് മാറ്റി.