ജിഷ കൊല്ലപ്പെടുന്നതിനു തലേന്ന് രാത്രി വീട് ആക്രമിക്കപ്പെട്ടതായി അമ്മ

203

കൊച്ചി: പെരുമ്ബാവൂരെ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെടുന്നതിനു തലേന്നു രാത്രി വീടിനുനേരെ ആക്രമണമുണ്ടായെന്ന് അമ്മ രാജേശ്വരിയുടെ മൊഴി. കൊലപാതകം നടന്ന ദിവസം രാവിലെ വീടിനു പിന്നില്‍നിന്നു ബീഡിയും ലൈറ്ററും കിട്ടിയെന്നും മൊഴിയില്‍ പറയുന്നു. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ മൊഴിപ്പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.ഏപ്രില്‍ 28-ാം തീയതി വൈകുന്നേരം 5.30-നും 6.30-നും ഇടയില്‍ ജിഷ കൊല്ലപ്പെട്ടുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.ജിഷ കൊല്ലപ്പെടുന്നതിന് തലേന്നു തങ്ങളുടെ വീടിനുനേരെ അക്രമണമുണ്ടായെന്നാണു ജിഷയുടെ അമ്മ രാജേശ്വരി പോലീസിനു മൊഴിനല്‍കിയിരിക്കുന്നത്. 27ാം തീയതി രാത്രി 10 മണിയോടെ വീടിനു മുകളിലേക്ക് ആരോ ചരല്‍ വാരി എറിയുകയായിരുന്നു. ലൈറ്റിട്ട് നോക്കിയെങ്കിലും ആരെയും കണ്ടില്ല. എന്നാല്‍ അല്‍പ്പ സമയം കഴിഞ്ഞ് ഒരു കല്ല് വന്നു വീഴുന്ന ശബ്ദം കേട്ടെന്നും രാജേശ്വരിയുടെ മൊഴിയിലുണ്ട്.ഇത്രയും സംഭവങ്ങള്‍ ഉണ്ടായതിനാല്‍ ഒരു ടോര്‍ച്ച്‌ വാങ്ങണമെന്ന് താനും ജിഷയും തമ്മില്‍ പറഞ്ഞിരുന്നെന്നും മൊഴിയില്‍ പറയുന്നു. ജിഷ കൊല്ലപ്പെട്ട 28-നു രാവിലെ വീടിനു പുറകുവശത്തെ ഓടയില്‍നിന്ന് ഒരു കെട്ട് ബീഡിയും ഒരു ലൈറ്ററും തങ്ങള്‍ക്കു കിട്ടി. 10 മണിയോടെ താന്‍ വീട്ടില്‍നിന്നു പുറത്തു പോയെന്നും രാജേശ്വരി പറയുന്നു.വൈകുന്നേരം 6.30-ന് തനിക്കു പരിചയമുള്ള അല്ലപ്രയിലെ ഒരു ചേച്ചിയുടെ വീട്ടില്‍നിന്ന് മൂന്നു പ്രാവശ്യം ജിഷയെ ഫോണില്‍ വിളിച്ചു. എന്നാല്‍ ജിഷ ഫോണെടുത്തില്ല. എട്ടരയോടെ വീട്ടിലെത്തിയെങ്കിലും ലൈറ്റിട്ടിരുന്നില്ല. വാതിലില്‍ പല പ്രാവശ്യം മുട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതോടെ രാജേശ്വരി നിലവിളിച്ചു. വീട്ടിലേക്ക് എത്തിയ ആളുകളുടെ സംസാരത്തില്‍നിന്നു മകള്‍ക്ക് എന്തോ പറ്റിയതായി തനിക്കു മനസിലായെന്നും തുടര്‍ന്ന് ആസ്പത്രിയില്‍വെച്ച്‌ പോലീസ് പറയുമ്ബോഴാണു ജിഷ കൊല്ലപ്പെട്ട വിവരം താന്‍ അറിഞ്ഞതെന്നും രാജേശ്വരിയുടെ മൊഴിയില്‍ പറയുന്നുണ്ട്.അതേസമയം, ജിഷ വധക്കേസില്‍ കുറ്റപത്രത്തിന്മേല്‍ പ്രാഥമിക വിചാരണ അടുത്ത വെള്ളിയാഴ്ച തുടങ്ങും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. വിചാരണാവേളയില്‍ മൂന്നു പരിഭാഷകരെ അനുവദിച്ച്‌ കോടതി ഉത്തരവായി. കേസില്‍ 15 അന്യസംസ്ഥാനക്കാരായ സാക്ഷികളുണ്ടന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിച്ചു. ഇന്ന് പ്രാഥമിക വാദം കേള്‍ക്കല്‍ തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. കനത്ത പൊലിസ് സുരക്ഷയിലാണ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കിയത്.