ഭക്ഷണത്തിലൂടെ ആരോഗ്യം ഉറപ്പാക്കാന്‍ ഇനി കൂട്ടിന് ‘ജീവനി’

158

കാസറകോട് : മലയാളിയുടെ ഭക്ഷണ ശീലങ്ങള്‍ അടിമുടി മാറിക്കഴിഞ്ഞു. കൈക്കുള്ളില്‍ സുരക്ഷിതമായിരുന്ന ആരോഗ്യം പതിയെ താറുമാറാവുകയാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളെയും വീട്ടുവളപ്പുകളില്‍ സുലഭമായിരുന്ന പപ്പായ മുതല്‍ കറിവേപ്പില വരെ വാങ്ങാന്‍് പച്ചക്കറി മാര്‍ക്കറ്റുകളെയും ആശ്രയിക്കുന്ന രീതി ഇന്ന് വ്യാപകമായി കഴിഞ്ഞു.എന്നാല്‍ മലയാളിയുടെ മാറിയ ശീലത്തെ വീണ്ടും മാറ്റാന്‍ കൃഷി,ആരോഗ്യ വകുപ്പുകളുടെ ‘ജീവനി’ വരുന്നു.

ഇനി വീട്ടുമുറ്റങ്ങളും മട്ടുപ്പാവുകളും,വിദ്യാലയങ്ങളുമെല്ലാം പച്ചക്കറിതോട്ടങ്ങളാകും. ശുദ്ധമായ ഭക്ഷണത്തിലൂടെ ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടത്തുന്ന വിപുലമായ പരിപാടിയാണ് ജീവനി. നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ(ജനുവരി ഒമ്പതിന്) കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കും.ജനുവരി ഒന്ന് മുതല്‍ 2021 ഏപ്രില്‍ വരെ നീണ്ടു നില്‍ക്കുന്ന 470 ദിവസത്തെ ബൃഹത്തായ കര്‍മ്മ പരിപാടിയിലൂടെ പച്ചക്കറി ഉല്‍പാദനത്തില്‍ സംസ്ഥാനത്തിന് സ്വയം പര്യാപ്തത ഉറപ്പാക്കാന്‍ കഴിയും.

തിരിച്ചു പിടിക്കാം തനിനാടന്‍ പച്ചക്കറികള്‍

പദ്ധതിയുടെ ഭാഗമായി ഭൗമസൂചിക പദവി ലഭിച്ച വിത്തുകള്‍ ഉള്‍പ്പെടെ 100 പരമ്പരാഗത പച്ചക്കറി വിത്തിനങ്ങള്‍ തിരഞ്ഞെടുത്ത് യജ്ഞത്തില്‍ പ്രചരിക്കും. വ്ളാത്താങ്കര ചീര, അഗത്തി ചീര, നിത്യ വഴുതന, വേങ്ങേരി വഴുതന, ആനക്കൊമ്പന്‍ വെണ്ട, മഞ്ചേശ്വരം വെണ്ട, പുള്ളിപയര്‍, കരുമണിപ്പയര്‍, മലയാറ്റൂര്‍ വെണ്ട, ഇടയൂര്‍ മുളക്, പലതരം പച്ചക്കറി ഇനങ്ങള്‍, വിവിധ കിഴങ്ങ് വര്‍ഗ്ഗ വിളകള്‍ തുടങ്ങിയവയാണ് പദ്ധതിയിലൂടെ പ്രചരിപ്പിക്കുക. എല്ലാ വീട്ടിലും കറിവേപ്പില, പപ്പായ, മുരിങ്ങ, പലതരം ചീരകള്‍, വാഴ എന്നിവ പ്രോത്സാഹിപ്പിക്കും. 2500 സ്‌കൂളുകളിലൂടെ പച്ചക്കറി കൃഷി നടപ്പാക്കും. അതോടൊപ്പം മറ്റ് പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ലഭ്യമായ എല്ലാ സ്ഥലങ്ങളിലും പച്ചക്കറി വ്യാപിപ്പിക്കും. ഗ്രാമ നഗരങ്ങളിലെ വീട്ടുവളപ്പുകളിലും മട്ടുപ്പാവുകളിലും ആറ് ലക്ഷത്തോളം ജൈവ രീതിയിലുള്ള പോഷകത്തോട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കും. ആദിവാസി മേഖലയില്‍ പരമ്പരാഗത മായി കൃഷി ചെയ്തു വരുന്ന പച്ചക്കറി വിളകളുടെ പ്രോത്സാഹനവും കൃഷി പരിപാലനമുറയുടെ ചിത്രീകരണവും സംഘടിപ്പിക്കും.

കൃഷിയെന്ന പാഠശാല

ജീവനി പദ്ധതിയുടെ ഭഗമായി കൃഷി പാഠശാല എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ എല്ലാ കൃഷി ഭവനുകളും വഴി കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടികളും ബോധവത്കരണവും സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ബോധവത്ക്കരണ ക്ലാസുകള്‍, ആരോഗ്യ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ ജീവനി-നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കും. രണ്ട് ലക്ഷത്തോളം കര്‍ഷകര്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തന മികവുള്ള ക്ലസ്റ്ററുകള്‍ക്ക് പ്രോത്സാഹനം നല്‍കും.അതോടൊപ്പം 1200 ക്ലസ്റ്ററുകള്‍ വിപുലീകരിക്കുകയും വിവിധ വര്‍ഷങ്ങളിലായി നിലനില്‍ക്കുന്ന റിവോള്‍വിംഗ് ഫണ്ട് ഈ പദ്ധതിയുടെ നടത്തിപ്പിനായി ഉപയോഗിക്കും. ബ്ലോക്ക് തലത്തില്‍ ദ്വൈവാര ഉത്പാദനത്തിനായുള്ള വിള കലണ്ടര്‍(ക്രോപ്പ് കലണ്ടര്‍) തയ്യാറാക്കി, 25 കര്‍ഷക ഉത്പാദക സംഘങ്ങള്‍ക്കുള്ള പ്രോത്സാഹനം നല്‍കും.

ഉറവകള്‍ക്കും കരുതല്‍

ജീവനി പദ്ധതിയുടെ ഭാഗമായി നിലവിലുള്ള മഴമറകള്‍ വിപുലീകരിച്ച് ശക്തിപ്പെടുന്നത് ഉള്‍പ്പെടെ 2000 മഴ മറകള്‍ക്ക് പ്രോത്സാഹനം നല്‍കും. നിലവിലുള്ളത് ഉള്‍പ്പെടെ 10000 സൂഷ്മ ജലസേചന യൂണിറ്റുകള്‍ സ്ഥാപിക്കും. കൂടാതെ വിത്ത് കൈമാറ്റ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. പ്രാദേശിക ഗ്രാമീണ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് പച്ചക്കറി മേളകളും ചന്തകളും സംഘടിപ്പിക്കും.

വരുന്നൂ അഗ്രി സ്റ്റാര്‍ട്ട്പ്പുകള്‍

കര്‍ഷക സാങ്കേതിക വിദ്യ വൈദഗ്ധ്യമുള്ള മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍ എസ്.എഫ്.എ.സിയുടെ ആഭിമുഖ്യത്തില്‍ ലഭ്യമാക്കും. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ നിര്‍മ്മിക്കും. അഗ്രി സ്റ്റാര്‍ട്ട്പ്പുകള്‍ ഉള്‍പ്പെടെ 100 ഓളം കര്‍ഷകരുടെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കും. ആത്മ പദ്ധതിയുടെ നേതൃത്വത്തില്‍ 200 ഫാം ഫീല്‍ഡ് സ്‌കൂള്‍ പ്രോത്സാഹിപ്പിക്കും. കാര്‍ഷിക സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറികളിലെ പ്രതിമാസ കീടനാശിനി അവശിഷ്ട പരിശോധന ഫലം സര്‍ക്കാര്‍ വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും

NO COMMENTS