ജയലളിതയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് സ്വകാര്യ മുറിയിലേക്ക് മാറ്റും

170

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ഇന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് സ്വകാര്യ മുറിയിലേക്ക് മാറ്റും. എങ്കിലും അവരെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രണ്ടു മാസത്തെ ചികിത്സയ്ക്കു ശേഷമാണ് ജയലളിതയെ മുറിയിലേക്ക് മാറ്റുന്നത്. ജയലളിതയ്ക്ക് ഭരണത്തില്‍ ഇടപെടാന്‍ കഴിയുന്നുണ്ടെന്നും അവരുടെ നമാസിക നില പരിപൂര്‍ണ്ണമായും സ്വഭാവികമാണെന്നും ഇന്നലെ അപ്പോളോ ആശുപത്രി ചെയര്‍ാേന്‍ ഡോ. പ്രതാപ് റെഡ്ഡി അറിയിച്ചിരുന്നു. ശ്വാസകോശം വികസിപ്പിക്കുന്നതിനായി പതിനഞ്ച് മിനിറ്റ് മാത്രം വെന്‍റിലേറ്റര്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കടുത്ത പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയുള്ളതിനാല്‍ നീണ്ടനാള്‍ ആശുപത്രി വാസം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഹൃദ്രോഗം, ശ്വാസകോശം, അണുബാധ രോഗ നിര്‍ണയം, പ്രമേഹം, ഹോര്‍മോണ്‍ എന്നീ മേഖലയിലെ വിദഗ്ധരാണ് ജയലളിതയെ ചികിത്സിച്ചുകൊണ്ടിരുന്നത്. ലണ്ടനില്‍ നിന്നുള്ള വിദഗ്ധനും ഡല്‍ഹി എയിംസിലെ വിദഗ്ധരും ചികിത്സയില്‍ പങ്കെടുത്തിരുന്നു.