തന്റേത് പുനർജന്മമെന്ന് ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത

188

തന്റേത് പുനർജന്മമെന്ന് ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജയലളിത പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് ആരോഗ്യ നില സംബന്ധിച്ച പ്രതികരണം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ജയലളിത വാർത്തക്കുറിപ്പിറക്കുന്നത്.
പത്തൊന്പതിന് തമിഴ്നാട്ടിലെ വിവിധ മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാ‍ർത്ഥികളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് മുഖ്യമന്ത്രി ജയലളിത, ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലമായി താൻ പുനർജന്മം എടുത്തതാണെന്ന് പറഞ്ഞത്. തമിഴ്നാട്ടിലെ ജനങ്ങൾ ഇത്രയധികം തന്നെ സ്നേഹിക്കുന്പോൾ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് വ്യക്തമാക്കിയ ജയലളിത സുഖം പ്രാപിച്ച് ജനങ്ങൾക്ക് വേണ്ടിയുള്ള തന്റെ സേവനം തുടരാൻ കാത്തിരിക്കുകയാണെന്നും പറയുന്നു. നിരവധി പേർ ആത്മഹത്യക്ക് ശ്രമിച്ചതായുള്ള വാർത്തകൾ കേട്ടുവെന്നും ഇത്തരം കടുകൈകളിലേക്ക് ജനങ്ങൾ പോകരുതെന്നും ജയലളിത വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർത്ഥികളുടെ വിജയം കാണാൻ കാത്തിരിക്കുകയാണെന്നും ജയലളിത കയ്യൊപ്പില്ലാതെ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. അപ്പോളോയിൽ ചികിത്സ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ജയലളിത വാ‍ർത്തക്കുറിപ്പിറക്കുന്നത്. ജയലളിതയുടെ ആരോഗ്യനിലയിൽ തൃപ്തിയുണ്ടെന്നും അണുബാധ മാറിയെന്നും അപ്പോളോ ആശുപത്രി എംഡി പ്രതാപ് റെ‍ഡ്‍ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രി എന്ന് ആശുപത്രി വിടുമെന്ന വിവരം ആശുപത്രി ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ജയലളിതക്ക് ഫിസിയോ ചികിത്സ മാത്രമാണ് നടത്തുന്നതെന്നും താമസിയതെ ജയലളിത മുഖ്യമന്ത്രിയുടെ ചുമതലകൾ ചെയ്തു തുടങ്ങുമെന്നും അണ്ണാ ഡിഎംകെ നേതാവ് പൊന്നപ്പൻ അറിയിച്ചു.