ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചു സംസ്ഥാന സര്‍ക്കാര്‍ ഇന്നു മദ്രാസ് ഹൈക്കോടതിയെ അറിയിക്കും

190

ചെന്നൈ • തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചു സംസ്ഥാന സര്‍ക്കാര്‍ ഇന്നു മദ്രാസ് ഹൈക്കോടതിയെ അറിയിക്കും. സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷമേ ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കണോ എന്നു തീരുമാനിക്കൂ. സാമൂഹിക പ്രവര്‍ത്തകന്‍ ട്രാഫിക് രാമസാമിയാണു മുഖ്യമന്ത്രിയുടെ ആരോഗ്യനില വ്യക്തമായി അറിയിക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്. പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞയായിരുന്നതിനാല്‍ ഹര്‍ജി ഇന്നലെ കോടതിയുടെ പരിഗണനയ്ക്കു വന്നില്ല. ജയലളിതയുടെ ചികില്‍സ സംബന്ധിച്ച്‌ അപ്പോളോ ആശുപത്രി അധികൃതരില്‍നിന്ന് ഇന്നലെ പത്രക്കുറിപ്പുണ്ടായില്ല. നില മെച്ചപ്പെട്ടെന്നും കുറച്ചു ദിവസംകൂടി ചികില്‍സ തുടരേണ്ടിവരുമെന്നുമാണു ചൊവ്വാഴ്ച അറിയിച്ചത്.ചികില്‍സ രണ്ടാഴ്ച പിന്നിടുമ്ബോഴും ജയയുടെ രോഗം എന്തെന്ന കാര്യത്തില്‍ ആശുപത്രിയോ സംസ്ഥാന സര്‍ക്കാരോ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തു വിടാത്തതു ഖേദകരമാണെന്നു പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍ പറഞ്ഞു.ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി നേരത്തേതന്നെ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. മന്ത്രിമാരോ ചീഫ് സെക്രട്ടറിയോ കൃത്യമായ വിവരം നല്‍കിയാല്‍ അഭ്യൂഹങ്ങള്‍ അവസാനിക്കുമെന്നും പറഞ്ഞു.കരുണാനിധിയോ സ്റ്റാലിനോ ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിനു മറുപടി പ്രതികൂലമായിരുന്നു. ജയലളിത ആരെയും കാണുന്നില്ലെന്നാണു കേള്‍ക്കുന്നത്. അത്തരം സന്ദര്‍ശനത്തിന്റെ ആവശ്യമില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.