ജയലളിത മരിച്ചെന്ന് പോസ്റ്റിട്ട യുവതിക്കെതിരെ പോലീസ് കേസെടുത്തു

171

ചെന്നൈ: ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലയെക്കുറിച്ച്‌ അഭ്യൂഹങ്ങള്‍ ശക്തമായതിനിടെ ജയലളിത മരിച്ചതായും അവരെ ആര്‍എസ്‌എസ് ഇല്ലാതാക്കിയതാണെന്നും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട തമിഴാച്ചി എന്ന യുവതിക്കെതിരെ അണ്ണാ ഡിഎംകെ പ്രതിഷേധം ശക്തമായി. പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് യുവതിക്കെതിരെ പോലീസ് കേസ് എടുത്തു.തമിഴ്നാട്ടില്‍ കലാപങ്ങളുണ്ടാക്കി ഇടം പിടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്‌എസ് ആണ് ജയലളിതയുടെ മരണത്തിനു പിന്നിലെന്നാണ് തമിഴാച്ചി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.സ്വാതി കൊലക്കേസ്, വിഎച്ച്‌പി നേതാവ് സുരി കൊലപാതക കേസ്, ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ ശശികുമാര്‍ കൊലപാതകം തുടങ്ങിയ സംഭവങ്ങളില്‍ മുസ്ലിങ്ങളെ കുറ്റപ്പെടുത്തി കലാപം ഇളക്കി വിടാനായിരുന്നു ശ്രമം എന്നാല്‍ ഇതിനെ ജയലളിത എതിര്‍ത്തതിനാല്‍ അവരെ ഇല്ലാതാക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചു, പൊതു മാധ്യമങ്ങളിലൂടെ മോശമായി പെരുമാറി തുടങ്ങിയ വകുപ്പുകളിലാണ് തമിഴാച്ചിക്കെതിരെ കേസ് എടുത്തത്.സെപ്റ്റംബര്‍ 22നാണ് കടുത്ത പനിയെത്തുടര്‍ന്ന് ആരോഗ്യ നില മോശമായ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം അവരുടെ നിലയെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ പുറത്തു വിടാന്‍ ആശുപത്രി അധികൃതരും പ്രവര്‍ത്തകരും തയ്യാറായിട്ടില്ല. അതിനാല്‍ അഭ്യൂഹങ്ങള്‍ ശക്തമാണ്.