ജാതിചിന്തയ്ക്കുപരിയായി ഗുരുദര്‍ശനം

1608

അദ്വൈതാശ്രമത്തില്‍ എല്ലാവരും ഒരുമിച്ചിരുന്നാണു ഭക്ഷണം കഴിച്ചിരുന്നത്. ഒരുദിവസം ഉച്ചഭക്ഷണത്തിനിരുന്നപ്പോള്‍ ശ്രീനാരായണ ഗുരു പ്രത്യേകമായി ഒരു അധ്യാപകനെ തന്റെ അടുത്തിരുത്തി. സംസ്കൃത സ്കൂളിലെ അധ്യാപകന്റെ പേര് കുറ്റിപ്പുഴ കൃഷ്ണപിള്ള. ഊണു കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ആ അധ്യാപകനോട് ഗുരു ചോദിച്ചു: ‘പോയോ?’ കാര്യമെന്തെന്നു മനസ്സിലാകാതെ, തന്റെ മുഖത്തു നോക്കിയിരുന്ന ആ അധ്യാപകനോടു ഗുരു വീണ്ടും ചോദിച്ചു: ‘പൂര്‍ണമായും പോയോ?’ അധ്യാപകനു കാര്യം പിടികിട്ടി.
അദ്ദേഹം വിനയപൂര്‍വം പറഞ്ഞു: ‘പോയി സ്വാമീ, പൂര്‍ണമായും പോയി.’ ഊണുകഴിക്കുന്ന പന്തിയില്‍ പുലയ-പറയ ജാതിയുള്‍പ്പെടെ എല്ലാ ജാതിയില്‍പ്പെട്ടവരും ഉണ്ടായിരുന്നു. ജാതിവികാരമുള്ളവര്‍, പ്രത്യേകിച്ച്‌ ഉയര്‍ന്നതെന്നു കരുതപ്പെടുന്ന ജാതിയിലുള്ളവര്‍, ആ പന്തിയില്‍ പങ്കെടുക്കുകയില്ല. പങ്കെടുത്താല്‍ തന്നെയും ജാതിവികാരത്തിന്റെ അസ്വസ്ഥത അവരനുഭവിക്കാതിരിക്കയില്ല. ഗുരുവിന്റെ നേര്‍ക്കുള്ള ഭക്തിമൂലം മാത്രമാണ് അക്കൂട്ടര്‍ ആ പന്തിയിലിരിക്കുക.
ജാതിവികാരം പൂര്‍ണമായും പോയോ എന്നാണു കുറ്റിപ്പുഴയോടു ചോദിച്ച ചോദ്യത്തിന്റെ അര്‍ഥം. അന്ന് അദ്ദേഹം യുക്തിവാദിയായി വളര്‍ന്നിരുന്നില്ല. ശ്രീനാരായണ ഗുരുവുമായുള്ള സമ്ബര്‍ക്കം അദ്ദേഹത്തെ ജാതിവികാരം തീണ്ടാത്ത മനുഷ്യനാക്കി ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. അദ്വൈതാശ്രമം ആലുവയില്‍ സ്ഥാപിച്ചപ്പോള്‍, ഗുരുദേവന്‍ നിര്‍ദേശിച്ചതനുസരിച്ച്‌ ഒരു വിജ്ഞാപനം അവിടെ എഴുതിവച്ചിരുന്നു. അതെന്തെന്നു നോക്കൂ: ‘ഓം തത് സത്.
ഈ മഠത്തിലെ അഭിപ്രായം മനുഷ്യര്‍ക്ക് ഒരു ജാതിയും ഒരു മതവും ഒരു ദൈവവും അല്ലാതെ ഓരോരുത്തര്‍ക്കും വെവ്വേറെ ജാതിയും മതവും ദൈവവും ഇല്ലെന്നാകുന്നു.’
കര്‍മകാണ്ഡത്തിലേക്കു പ്രവേശിച്ച കാലം മുതല്‍ ഈ തത്വം ഗുരുദേവന്‍ ഉദ്ബോധിപ്പിച്ചുപോന്നു. അതു സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടി അനവരതം പരിശ്രമിക്കുകയും ചെയ്തു. എങ്കിലും, വിദൂര ഭൂതകാലത്തില്‍ വേരൂന്നിയിട്ടുള്ള ജാതിവികാരം മനുഷ്യരില്‍ നിന്നൊഴിപ്പിക്കുക എളുപ്പമുള്ള കാര്യമാണോ? ഗുരുദേവനു ജന്മംനല്‍കിയ സമുദായത്തിലുള്ളവര്‍ തന്നെ ജാതിവികാരത്തിനടിമകളായി സങ്കുചിതബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന രംഗങ്ങള്‍ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരുന്നു.
താണതെന്നു കരുതപ്പെടുന്ന ജാതിക്കാരെ അവര്‍ അയിത്തം കല്‍പിച്ച്‌ അകറ്റിനിര്‍ത്തി. തങ്ങളുടെ ക്ഷേത്രങ്ങളില്‍ അവര്‍ക്കു പ്രവേശനം നല്‍കാന്‍ വിസമ്മതിച്ചു. അന്യസമുദായങ്ങളുടെ നേര്‍ക്കു സ്പര്‍ധ കാട്ടുകയും ചെയ്തു. ഈഴവനെന്ന ജാതിബോധം അവരുടെ വീക്ഷണത്തെ വികൃതമാക്കിത്തീര്‍ത്തു എന്നു സാരം. എന്തിനധികം? ഗുരുദേവനെ പോലും ഈഴവനായി കാണുന്ന വീക്ഷണത്തിലേക്ക് അവര്‍ ചുരുങ്ങി.
ആ സാഹചര്യത്തിലാണ് 1916ല്‍ ഗുരുദേവന്‍ താഴെ കാണുന്ന ‘വിളംബരം’ പ്രസിദ്ധപ്പെടുത്തിയത്. ‘പ്രബുദ്ധകേരളം’ എന്ന മാസികയില്‍. (ശ്രീരാമകൃഷ്ണാശ്രമത്തിന്റെ മുഖപത്രമാണത്.)
‘നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എങ്കിലും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും, അതു ഹേതുവാല്‍ നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലില്‍ ചേര്‍ക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.’
ഗുരുദേവന്റെ ഈ വിളംബരം ഇന്നു പ്രത്യേകമായ പ്രാധാന്യം അര്‍ഹിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ സ്പര്‍ധ വളര്‍ത്തി, അന്തരീക്ഷത്തെ മതവിദ്വേഷത്തിന്റെ വിഷാണുക്കളാല്‍ മലിനമാക്കാന്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നതു മൂലം നമ്മുടെ മൂല്യങ്ങളും ചിരപുരാതന സംസ്കാരവും അപകടത്തിലാകാന്‍ തുടങ്ങുന്ന ഈ ഘട്ടത്തില്‍ ഗുരുദേവ സന്ദേശം വിശുദ്ധമായ അഭയകേന്ദ്രമായി ഏവരെയും ആകര്‍ഷിക്കുന്നു. ഇപ്രകാരമൊരു സന്ദര്‍ഭത്തില്‍ ഈ വിളംബരത്തിന്റെ നേര്‍ക്കു മനുഷ്യസ്നേഹികള്‍ ശുഭപ്രതീക്ഷയോടെ തിരിയേണ്ടതാകുന്നു.
ശ്രീനാരായണ ധര്‍മത്തിന്റെ പേരില്‍ നടക്കുന്ന സമുദായ വിദ്വേഷപ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും ഗുരുനിന്ദയാണെന്ന് ആദര്‍ശസ്നേഹികള്‍ തിരിച്ചറിയണം. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നാണു ശ്രീനാരായണ ഗുരു ആവര്‍ത്തിച്ചുപദേശിച്ചത്. ലോകോത്തരമായ ആ ഉപദേശം ‘മനുഷ്യന്‍ എത്ര ചീത്തയായാലും നമ്മുടെ സമുദായക്കാരനായാല്‍ മതി’ എന്നു പ്രവര്‍ത്തനങ്ങളിലൂടെ തലകീഴാക്കി മാറ്റാന്‍ തുനിയുന്ന നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

NO COMMENTS

LEAVE A REPLY