എസി അറ്റന്‍ഡന്റിന്‍റെ സമയോചിത ഇടപെടല്‍ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസില്‍ തീപിടുത്തമുണ്ടാകുന്നതു തടഞ്ഞു

202

കൊച്ചി • എസി അറ്റന്‍ഡന്റിന്റെ സമയോചിത ഇടപെടല്‍ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസില്‍ തീപിടുത്തമുണ്ടാകുന്നതു തടഞ്ഞു. തിരുവനന്തപുരം ഡിപ്പോയിലെ എസി അറ്റന്‍ഡന്റ് ഉമാ മഹേശ്വരന്റെ ഇടപെടലാണു വലിയൊരു ദുരന്തത്തില്‍ നിന്നു യാത്രക്കാരെ രക്ഷിച്ചത്.
വൈകിട്ട് 5.30നു എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷനില്‍ നിന്നു സൗത്ത് സ്റ്റേഷനിലേക്കു പ്രവേശിക്കുന്നതിനിടെ ജനശതാബ്ദി എക്സ്പ്രസിന്റെ സി-2 എസി കോച്ചിലെ എസി പാനലില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു. പെട്ടെന്നു തന്നെ ഇതു ശ്രദ്ധയില്‍പ്പെട്ട ഉമാ മഹേശ്വരന്‍ പാനല്‍ സ്വിച്ച്‌ ഓഫ് ചെയ്യുകയും എല്ലാ വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുകയും ചെയ്തു.

ഈ ശ്രമത്തിനിടെ ഇദ്ദേഹത്തിന്റെ കൈ പൊള്ളുകയും ചെയ്തു.
ഇതേത്തുടര്‍ന്നു ട്രെയിന്‍ സൗത്ത് സ്റ്റേഷനില്‍ അര മണിക്കൂറോളം പിടിച്ചിട്ടു. സി-2 കോച്ചിലുണ്ടായിരുന്ന യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റി. പ്രഥമ ശുശ്രൂഷ സ്വീകരിച്ച ശേഷം ഉമാ മഹേശ്വരന്‍ ഇതേ ട്രെയിനില്‍ യാത്ര തുടര്‍ന്നു. 5.30ന് എത്തിയ ട്രെയിന്‍ 6.05ന് എറണാകുളം സൗത്തില്‍ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ടു.

NO COMMENTS

LEAVE A REPLY