ജയ്ഷയുടെ ആരോപണങ്ങൾ പരിശോധിക്കാൻ രണ്ടംഗ കമ്മറ്റിയെ നിയോഗിച്ചു : കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍

190

ബെംഗളൂരു ∙ അത്‍ലറ്റിക്സ് ഫെഡറേഷനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് റിയോ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മാരത്തണിൽ പങ്കെടുത്ത മലയാളി താരം ഒ.പി. ജയ്ഷ. തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. കുടിക്കാനുള്ള വെള്ളം പോലും നിഷേധിച്ചുവെന്ന ആരോപണം സത്യമാണ്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ജയ്ഷ ആവശ്യപ്പെട്ടു.

തൊട്ടുപിന്നാലെ ജയ്ഷയുടെ ആരോപണങ്ങൾ പരിശോധിക്കാൻ രണ്ടംഗ കമ്മറ്റിയെ നിയോഗിച്ചുവെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലും അറിയിച്ചു. സ്പോർട്സ് ജോയിന്റ് സെക്രട്ടറി ഒാംകാർ കേഡിയ, സ്പോർട്സ് ഡയറക്ടർ വിവേക് നാരായൺ എന്നിവരാണ് അന്വേഷിക്കുക. ഏഴു ദിവസത്തിനികം റിപ്പോർട്ട് സമർപ്പിക്കാൻ സംഘത്തിന് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ സംസ്ഥാന കായിക മന്ത്രി ഇ.പി. ജയരാജൻ ഒ.പി. ജയ്ഷയെ ഫോണിൽ വിളിച്ച് സംസ്ഥാന സർക്കാരിന്റെ പിന്തുണ അറിയിച്ചു. ജയ്ഷയ്ക്ക് നേരിട്ട അവഗണന കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നൽകി.