ജയില്‍ ചാടിയ കൊലക്കേസ് പ്രതി കാമുകിയോടൊപ്പം ചുറ്റിയ ശേഷം തിരിച്ചുവന്നു

186

ആഗ്ര: കാമുകിക്കൊപ്പം ചുറ്റിയടിക്കാന്‍ കൊലക്കേസ് പ്രതി ജയില്‍ ചാടി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം അരങ്ങേറിയത്. കാമുകിക്കൊപ്പം ചെലവഴിച്ച ഇയാള്‍ പിന്നീട് ജയിലിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കോടതിക്ക് മുമ്പില്‍ ഹാജരാക്കി. രാത്രിയുംപകലുമായി ഒരാഴ്ച്ചയോളമാണ് പ്രതി കാമുകിക്കൊപ്പം ഗോവയില്‍ ചെലവഴിച്ചത്.
ആഗ്ര സ്വദേശിയായ ജിതേന്ദ്ര എന്നാണ് പ്രതിയുടെ പേരെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകക്കേസിലെ പ്രതിയായ ഇയാള്‍ 2014 മുതല്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞയാഴ്ച്ച കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കെയാണ് ഇയാള്‍ ജയില്‍ ചാടിയത്. തുടര്‍ന്ന് പൊലീസ് സംഘങ്ങളായി തിരിഞ്ഞ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി. കാമുകിക്കൊപ്പം സമയം ചെലവഴിക്കാന്‍ തന്നെ പുറത്തുവിടണമെന്ന് ഇയാള്‍ നവംബറില്‍ ജയില്‍ സുപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാളുടെ ആവശ്യം സുപ്രണ്ട് നിരാകരിച്ചു. ഇതിനെത്തുടര്‍ന്നാണ് ജയില്‍ ചാടാന്‍ തീരുമാനിച്ചത്. ജയില്‍ ചാടിയ ജിതേന്ദ്ര കാമുകിയുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഇരുവരും റെയില്‍വെ സ്റ്റേഷനില്‍ കണ്ടുമുട്ടുകയും ഗോവയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. പൊലീസ് തിരഞ്ഞ് നടന്ന ഒരാഴ്ച്ചക്കാലം ഇരുവരും ഗോവയില്‍ ചുറ്റിയടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ഇവര്‍ രണ്ട് വഴിക്ക് പിരിഞ്ഞു. ജിതേന്ദ്ര നേരെ ജയിലിലേക്ക് തന്നെ തിരിക്കുകയും പൊലീസില്‍ കീഴടങ്ങുകയും ചെയ്തു. ഇയാളെ ജയിലില്‍ അടച്ചതായും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY