വിജിലന്‍സിന്റെ മനോവീര്യം തകര്‍ക്കാന്‍ ഓരോ ദിവസവും പല ഭാഗത്ത് നിന്നും ശ്രമം നടക്കുകയാണെന്ന് ജേക്കബ് തോമസ്

175

തിരുവനന്തപുരം: സത്യസന്ധമായി പ്രവര്‍ത്തിക്കുമ്ബോള്‍ വിജിലന്‍സിന്റെ മനോവീര്യം തകര്‍ക്കാന്‍ ഓരോ ദിവസവും പല ഭാഗത്ത് നിന്നും ശ്രമം നടക്കുകയാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഉന്നതര്‍ക്കെതിരെ വിജിലന്‍സ് നടപടിയുണ്ടാകുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിജിലന്‍സിനെ തകര്‍ക്കാന്‍ ഒരു ഭാഗത്ത് നിന്നും ശ്രമം നടക്കുന്നതെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടിയെടുക്കാന്‍ വൈകുന്നത് എന്ത് കൊണ്ടാണെന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജേക്കബ് തോമസ്. ചവറ കെ.എം.എം.എല്ലിലെ മഗ്നീഷ്യം ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ടോം ജോസിനെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായിരുന്നില്ല. ഇതിന് പുറമെ അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ടോം ജോസിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധനയും നടത്തിയിരുന്നു. അഴിമതിക്കെതിരെയുള്ള വിവിധ കോടതി ഉത്തരവുകളും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും കൊണ്ട് മാത്രമാണ് വിജിലന്‍സ് നിലനിന്ന് പോവുന്നത്. ഉന്നതര്‍ക്കെതിരെ കേസ് നടത്തി തുടങ്ങിയപ്പോള്‍ തന്നെ വിജിലന്‍സിനെ തകര്‍ക്കാന്‍ പലഭാഗത്ത് നിന്നും ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.